
കൊവിഡ് കാലത്ത് ജോലിനഷ്ടപ്പെട്ടവരുടെ എണ്ണം ചില്ലറയല്ല. വിദേശത്ത് നിന്നും പലർക്കും തിരിച്ചുവരേണ്ടിവന്നു. എല്ലാവർക്കും തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ല. നിർമ്മാണ പ്രവർത്തനം, ടൂറിസം തുടങ്ങിയ മേഖലകൾ സ്തംഭിച്ചതിനാൽ സ്വദേശത്തുള്ള ആയിരക്കണക്കിനാളുകൾക്കും ജോലി പോയി. ഈ രംഗങ്ങളൊന്നും പൂർണതോതിൽ പഴയ രീതിയിലേക്ക് മടങ്ങിയിട്ടില്ല. ഇനി മടങ്ങിവന്നാലും പഴയ എല്ലാവർക്കും ജോലി ലഭിക്കണമെന്നുമില്ല. കൊവിഡിന്റെ കാലം എപ്പോൾ കഴിയുമെന്ന് പ്രവചിക്കാനാകാത്തതിനാൽ മൂലധന നിക്ഷേപം നടത്താൻ സ്വകാര്യ മേഖല മടിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ബഡ്‌ജറ്റിൽ തന്നെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും വലിയ ഉൗന്നൽ നൽകിയിരിക്കുന്നത് തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ്. സാമ്പത്തികരംഗം ഉൗർജ്ജസ്വലതയോടെ ഉണർന്നില്ലെങ്കിൽ തൊഴിലില്ലായ്മ അതിരൂക്ഷമായി മാറും. പുതിയ തൊഴിൽ അവസരങ്ങൾ സർക്കാർ, സ്വകാര്യ മേഖലകളിൽ ഒരുപോലെ ഉണ്ടായിക്കൊണ്ടിരുന്നാൽ വിദ്യാഭ്യാസം കഴിഞ്ഞ ചെറുപ്പക്കാർക്ക് വർഷങ്ങളോളം വേഴാമ്പലിനെപ്പോലെ തൊഴിലിന് വേണ്ടി കാത്തിരിക്കേണ്ടിവരില്ല. ഒരാൾക്ക് ഒരു ജോലി കിട്ടിക്കഴിഞ്ഞാൽ ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. ജോലിയുള്ള വ്യക്തിയുടെ സഹായം കൊണ്ട് തന്നെ ആ കുടുംബത്തിലെ മറ്റ് വ്യക്തികൾക്ക് ഉയർന്ന മേഖലകളിൽ ചേക്കേറാനാകും. തൊഴിലില്ലായ്മ രൂക്ഷമാണെന്ന് അധികാരികൾ സമ്മതിക്കുമ്പോൾ തന്നെ കേന്ദ്ര സർവീസിൽ ഒൻപതു ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു എന്ന വസ്‌തുതയും നിലനിൽക്കുന്നു. കേന്ദ്രമന്ത്രിമാർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്ര സർവീസിൽ 8.75 ലക്ഷം ഒഴിവുകൾ നികത്താനുണ്ടെന്നും ഇതിൽ 3.03 ലക്ഷം ഒഴിവുകളും റെയിൽവേയിലാണെന്നും വെളിപ്പെടുത്തിയത്.
കേന്ദ്ര സർവീസിലെ ഗ്രൂപ്പ് എ തസ്തികയിൽ 21,255 ഒഴിവുകളും ഗ്രൂപ്പ് സി തസ്തികയിൽ 7,56,146 ഒഴിവുകളുമാണുള്ളതെന്ന് കേന്ദ്ര പേഴ്സണൽ, പബ്ളിക് ഗ്രീവിയൻസ്, പെൻഷൻ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് രാജ്യസഭയിൽ വെളിപ്പെടുത്തിയത്. ഡോ. വി. ശിവദാസന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഗ്രൂപ്പ് ബി വിഭാഗത്തിൽ 97,757 ഒഴിവുകളുണ്ടെന്ന് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മന്ത്രി മറുപടി നൽകിയിരുന്നു. 2020 മാർച്ച് ഒന്നു വരെയുള്ള കണക്കാണിത്. ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകളുടെ എണ്ണം വീണ്ടും വർദ്ധിച്ചിരിക്കാനാണ് സാദ്ധ്യത.
റെയിൽവേയുടെ വിവിധ സോണുകളിലായി 3,03,482 ഒഴിവുകളുണ്ടെന്ന് മന്ത്രി അശ്വനി വൈഷ്ണവാണ് വ്യക്തമാക്കിയത്. കേരളം ഉൾപ്പെടുന്ന സതേൺ സോണിൽ ഗസറ്റഡ് തസ്തികയിൽ 161 ഒഴിവും നോൺ ഗസറ്റഡ് തസ്‌തികകളിൽ 19,500 ഒഴിവുകളുമുണ്ട്. കേന്ദ്ര സർക്കാർ സത്വരമായി വിചാരിച്ചാൽ യുദ്ധകാലാടിസ്ഥാനത്തിൽ പരീക്ഷയും മറ്റ് നടപടികളും പൂർത്തിയാക്കി ഒൻപതു ലക്ഷത്തോളം പേർക്ക് പത്ത് മാസത്തിനുള്ളിൽ ജോലി ലഭിക്കും. ഒരു പക്ഷേ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള വലിയ ശ്രമങ്ങൾക്ക് മുമ്പ് തന്നെ ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകളിലെ നിയമനം പൂർത്തിയാക്കാനുള്ള ആത്മാർത്ഥത സർക്കാർ കാണിക്കേണ്ടതാണ്.