
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ തുടരനേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നിരപരാധിയാണെന്ന ശബ്ദരേഖ തന്നെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിച്ചതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നിൽ പൊലീസ് ഉന്നത തലത്തിൽ വൻ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി നിരപരാധിയാണെങ്കിൽ കള്ളക്കടത്ത് കേസ് പ്രതിയെക്കൊണ്ട് അത് പറയിക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് വിളിച്ചാണ് ഈ പ്രതിക്ക് ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലി നൽകിയതെന്നും വ്യക്തമായി. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിലെ അന്വേഷണമെന്തായി? ശമ്പളം ഉത്തരവാദികളിൽ നിന്നും തിരിച്ച് പിടിക്കേണ്ടേ? ആരൊക്കെയാണ് ഇതിനുത്തരവാദികൾ? ഇത്രയും സംഭവങ്ങൾ സ്വന്തം വകുപ്പിൽ നടന്നിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ കോടതിയിൽവനൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. അന്വേഷണം അങ്ങോട്ട് പോകാതെ എവിടെ വച്ചാണ് ഒത്തുതീർപ്പുണ്ടാക്കി അവസാനിപ്പിച്ചത്? ഒരു സുപ്രഭാതത്തിൽ എല്ലാ അന്വേഷണങ്ങളും അവസാനിച്ചത് തിരഞ്ഞെടുപ്പിൽ സി.പി.എം- ബി.ജെ പി നേതാക്കൾ തമ്മിലുണ്ടാക്കിയ ബാന്ധവത്തിന്റെ ഭാഗമായാണ്
ലൈഫ് മിഷനിൽ പാവങ്ങൾക്ക് വീട് വയ്ക്കാൻ സന്നദ്ധസംഘടന നൽകിയ 20 കോടിയിൽ 46 ശതമാനമാണ് കമ്മിഷനായി നൽകിയത്. ശിവശങ്കർ സർക്കാരിന്റെ നാവായി പ്രവർത്തിക്കുകയാണ്. അതിന് കൂട്ടു പ്രതിയിൽ നിന്നിപ്പോൾ തിരിച്ചടിയുണ്ടായി. അന്വേഷണം വഴി തിരിച്ചു വിടാനിടപെട്ടുവെന്നതടക്കമുള്ള വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷിക്കണം. സോളാർ കേസിലെ പ്രതി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചവർ ,സ്വർണക്കടത്ത് കേസിലെ പ്രതി നടത്തിയ വെളിപ്പെടുത്തൽ വിശ്വസനീയമല്ലെന്ന് പറയുന്നത് പ്രസക്തമല്ലെന്നും സതീശൻ പറഞ്ഞു.