k-sudhakaran

തിരുവനന്തപുരം: 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവർണർ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പി പ്രസ്താവിച്ചു.

ബി.ജെ.പി നേതാവിനെ സ്റ്റാഫിൽ നിയമിച്ച് ആർ.എസ്.എസിന്റെ കാര്യാലയമായി രാജ്ഭവനെ മാറ്റാനാള്ള നീക്കം കേരളം ഞെട്ടലോടെയാണ് കാണുന്നത്. അഴിമതിക്കെതിരെ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലൻസിനെയും മറ്റും പിണറായി സർക്കാർ വന്ധീകരിച്ചപ്പോൾ ജനങ്ങൾക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. ലോകായുക്തയെ പിരിച്ചുവിടുന്നതാണ് ഉചിതം.

കടിക്കാൻപോയിട്ട് കുരയ്ക്കാൻ പോലും ശക്തിയില്ലാത്ത പുതിയ സംവിധാനത്തിൽ തുടരണോയെന്ന് ആദരണീയരായ ജഡ്ജിമാർ ചിന്തിക്കണം. ആത്മാഭിമാനത്തോടെ അവിടെ ജോലി ചെയ്യാൻ ഇനിയാർക്കും കഴിയുമെന്നു തോന്നുന്നില്ല. നിർജ്ജീവവും ആത്മാവില്ലാത്തതുമായ ലോകായുക്തയെ കേരളത്തിന് ആവശ്യമില്ല.

കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം ഉൾപ്പെടെയുള്ള നിയമവിരുദ്ധവും ഭരണഘാടനാവിരുദ്ധവുമായ നടപടികൾക്ക് ഗവർണർ കുടപിടിക്കുകയാണ്. തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ട രാജ്ഭവൻ കൊടുക്കൽ വാങ്ങൽ കേന്ദ്രമായി. രാജ്ഭവന്റെ പവിത്രതയും അന്തസ്സും ഗവർണറുടെ നടപടിയോടെ നഷ്ടപ്പെട്ടു.

കാഴ്ചക്കാരായി മാറിയ സി.പി.ഐയുടെ അവസ്ഥ പരിതാപകരമാണ്.

വല്യേട്ടന് മുന്നിൽ വളയുന്നതിന് പകരം ഇഴയുന്ന അവസ്ഥയിലാണിപ്പോൾ സി.പി.ഐ.

എൽ.ഡി.എഫിന്റെ അഴിമതിവിരുദ്ധ നിലപാടിനെ തുറിച്ചുനോക്കുന്നതാണ് ഓർഡിനൻസ് എന്നു വിലപിക്കുകയല്ല, മുന്നണിയിലെ രണ്ടാം കക്ഷിയെന്ന നിലിയിലുള്ള ഉത്തരവാദിത്വം നിർവഹിക്കുകയാണ് സി.പി.ഐ ചെയ്യേണ്ടതെന്ന് സുധാകരൻ പറഞ്ഞു.