ഏഴ് കമ്പനികൾ ദേശീയപാതാ അതോറിട്ടിയിൽ ഇ -ടെൻഡർ സമർപ്പിച്ചു
തിരുവനന്തപുരം: നിർദ്ദിഷ്ട ആറ്റിങ്ങൽ ബൈപ്പാസ് ഉൾപ്പെടുന്ന ദേശീയപാത 66ൽ കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള റോഡ് നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാകുന്നു. കടമ്പാട്ടുകോണത്തു തുടങ്ങി മാമത്ത് അവസാനിക്കുന്നതാണ് 12 കിലോമീറ്റർ നീളമുള്ള ആറ്റിങ്ങൽ ബൈപ്പാസ്. ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാകും. ബിഡ് ഓപ്പൺ ചെയ്‌ത് ദിവസങ്ങൾക്കകം ഏഴ് കമ്പനികൾ ദേശീയപാതാ അതോറിട്ടിയിൽ ഇ -ടെൻഡർ സമർപ്പിച്ചു.
മൂന്ന് പാലങ്ങളും മൂന്ന് ഓവർബ്രിഡ്ജും ആറുവരിപ്പാതയായ ബൈപ്പാസിലുണ്ട്. ദേശീയപാത റീച്ച് 18ൽപ്പെടുന്ന ഇവിടെ നിർമ്മാണത്തിനായി 65 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടിവന്നത്. 99 ശതമാനത്തോളം ഭൂമിയുടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായെങ്കിലും കൊവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ 20 ഹെക്ടറോളം സ്ഥലത്തിന്റെ വില ഇനിയും ഉടമസ്ഥർക്ക് വിതരണം ചെയ്യാനുണ്ട്.
പണം കൈപ്പറ്റുന്നതിനായി പാൻകാർഡ്,ആധാർകാർഡ് തുടങ്ങിയ രേഖകൾ സമർപ്പിക്കുന്നതിന് കാലതാമസം നേരിട്ടവരുടെയും അവകാശത്തർക്കം നിലനിൽക്കുന്നവരുടെയും പണമാണ് വിതരണം ചെയ്യാനുള്ളത്. ഈ മാസത്തോടെ ഇതിന് പരിഹാരം കാണാനാകുമെന്നാണ് കളക്ട്രേറ്റിലെ ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഏറ്റെടുത്ത ഭൂമികളിലെ വീടുകളും കടകളും മറ്റ് സ്ഥാപനങ്ങളും പൊളിച്ചുനീക്കി തുടങ്ങിയിട്ടുണ്ട്. വനംവകുപ്പിന്റെ മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് മരങ്ങൾ മുറിച്ചുമാറ്റും.
കരാറുകൾ പരിശോധിച്ച് വേഗത്തിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനികളുടെ സാങ്കേതികവും സാമ്പത്തികവുമായ വിലയിരുത്തലിന് ശേഷമാകും കരാർ അന്തിമമാക്കുക. 29.83 കിലോമീറ്റർ ദൈർഘ്യമുള്ള കഴക്കൂട്ടം - കടമ്പാട്ടുകോണം റീച്ചിന്റെ നിർമ്മാണത്തിനായി ജനുവരി 19 മുതലാണ് ടെൻഡറുകൾ സ്വീകരിച്ചുതുടങ്ങിയത്. ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനി,ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്,എസ് ആൻഡ് പി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്,കെ.എൻ.ആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ്,ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡ്, സ്യൂ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്,ജണ്ടു കൺസ്ട്രക്ഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കരാറുകൾ സമർപ്പിച്ചിട്ടുള്ളത്.
കടമ്പാട്ടുകോണം മുതൽ ആഴാംകോണം വരെയും മാമം മുതൽ കഴക്കൂട്ടം വരെയും നിലവിലുള്ള ദേശീയപാതയുടെ വീതികൂട്ടലാണ് നടക്കുന്നത്. ആഴാംകോണം മുതൽ മാമം വരെ 45 മീറ്റർ വീതിയിൽ 10.9 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത നിർമ്മിക്കേണ്ടത്. കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള 17 കിലോമീറ്റർ റോഡിനായി നാവായിക്കുളം,കുടവൂർ,കരവാരം, ഒറ്റൂർ,മണമ്പൂർ,കീഴാറ്റിങ്ങൽ,ആറ്റിങ്ങൽ,കിഴുവിലം എന്നീ എട്ട് വില്ലേജുകളിൽ നിന്നുള്ള 54ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ബൈപ്പാസിനായാണ് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവന്നത്. പുതുതായി നിർമ്മിക്കുന്ന ഒരു കിലോമീറ്റർ റോഡിനായി 11.12 ഏക്കർ ഭൂമിയും ഏറ്റെടുത്തു.