കല്ലറ: അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തുന്നത് തുടർക്കഥയായതോടെ സുമതിയെ കൊന്ന വളവ് വീണ്ടും ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം ഇവിടെനിന്ന് അസ്ഥികൂടം കണ്ടെത്തിയതോടെയാണ് വീണ്ടും കെട്ടുക്കഥകളും അഭ്യൂഹങ്ങളും ഐതിഹ്യങ്ങളും ചർച്ചയാകാൻ തുടങ്ങിയത്.

കല്ലറ പാലോട് റോഡിൽ മൈലമൂട്ടിൽ നിന്ന് അര കിലോമീറ്റർ ദൂരെ വനത്തിനുള്ളിലെ കൊടും വളവാണ് സുമതിയെ കൊന്ന വളവ് എന്ന സ്ഥലം. വനം വകുപ്പിന്റെ ഭരതന്നൂർ സെക്‌ഷൻ പരിധിയാണ് ഇവിടം. ഇവിടെ ഒരു പാല മരത്തിലാണ് കഴിഞ്ഞ ദിവസം രണ്ട് മാസം പഴക്കമുള്ള മൃതദേഹത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്. ഇത്തരത്തിൽ നിരവധി മൃതദേഹങ്ങളാണ് പരിസരപ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ പലതും കൊലപാതകങ്ങളാണോ ആത്മഹത്യയാണോ എന്നും തെളിഞ്ഞിട്ടില്ല. പ്രദേശത്തെക്കുറിച്ച് ഭയാനകമായ നിരവധി കഥകളുള്ളതിനാൽ പകൽ സമയങ്ങളിൽ പോലും ഇവിടെ ആരും എത്താറില്ല. അതുകൊണ്ടുതന്നെ ഇവിടെ സാമൂഹ്യ വിരുദ്ധരും മോഷ്ടാക്കളും കൊലപാതകികളും തമ്പടിക്കുന്ന ഇടമായി മാറി.

സുമതിയെ കൊന്ന വളവ്

പേരിന് പിന്നിലെ ചരിത്രം :

സുമതി മരിച്ചിട്ട് ഇപ്പോൾ അറുപത് വർഷം കഴിഞ്ഞു. കാരേറ്റ് ഊന്നൻപാറ പേഴുംമൂടായിരുന്നു സുമതിയെന്ന സുമതിക്കുട്ടിയുടെ സ്ഥലം. കൊല്ലപ്പെടുമ്പോൾ 22 വയസായിരുന്നു സുമതിക്ക്. അത്ര മെച്ചപ്പെട്ട കുടുംബമല്ലായിരുന്നു സുമതിയുടേത്. അയൽവാസിയും വകയിൽ ബന്ധുവുമായ രത്‌നാകരന്റെ വീട്ടിൽ അടുക്കള ജോലികളിലും മറ്റും സഹായിക്കാനായി സുമതി പോവുക പതിവായിരുന്നു. സുമതിയുടെ സൗന്ദര്യത്തിൽ മയങ്ങിയ ഇയാൾ അവരെ കല്യാണം കഴിച്ചുകൊള്ളാമെന്നു പറഞ്ഞ് വശത്താക്കി. ഒടുവിൽ ഗർഭിണിയാണെന്നറിഞ്ഞതോടെ കാല് മാറി. എന്നാൽ സുമതി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇതോടെ പട്ടാപ്പകൽ പോലും ഇതുവഴി കടന്നുപോകാൻ ആളുകൾ മടിച്ചു. സുമതി മരിച്ച് ആറ് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ജനങ്ങളുടെ മനസിലെ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല.