
പാലോട്:മഹാമാരിക്കും തളർത്താനാവാത്ത ഒരുമയുടെ കഥ പറഞ്ഞ് 59-ാമത് പാലോട് കാർഷിക കലാ സാംസ്‌കാരിക മേളയും കന്നുകാലിച്ചന്തയും ചരിത്രത്തിലേക്ക്. നിലമൊരുക്കുന്നതിന് നല്ലയിനം കാലികളെ വാങ്ങാൻ അഞ്ച് പതിറ്റാണ്ടു മുമ്പ് പാലോട്ടെ കർഷക കാരണവന്മാർ തുടക്കംകുറിച്ച കാളച്ചന്തയാണ് കൊവിഡിന്റെ ആകുലതകൾക്കിടയിലും മുടക്കമില്ലാതെ മുന്നേറുന്നത്.പരമ്പരാഗത കാളച്ചന്തയിൽ കുടിമാടുകൾ, പാണ്ടിമാടുകൾ, കിഴക്കൻ മാടുകൾ, മുറൈ പോത്തുകൾ, ഹരിയാന പോത്തുകൾ,ജാഫ്‌റാബാദ് ഇനത്തിൽപ്പെട്ട വളർത്തു പോത്തുകൾ മുതലായവ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.അത്യുല്പാദന ശേഷിയുള്ള മുട്ടക്കോഴികളും വില്പനയ്ക്കെത്തും.ഒരു സമയം 20 പേർക്ക് പ്രവേശനം എന്ന നിലയിലാണ് കന്നുകാലിച്ചന്ത സംഘടിപ്പിച്ചിട്ടുള്ളത്. സംഘാടക സമിതി മുഖ്യ രക്ഷാധികാരിയും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ വി.കെ.മധു ഭദ്രദീപം തെളിച്ച് മേളയുടെ ഉദ്‌ഘാടനം നിർവഹിച്ചു.കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കുന്നതിന്റെ ഭാഗമായി സന്ദർശകർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന 5,900 എൻ 95 മാസ്‌കുകൾ ബ്രദേഴ്സ് ഹോസ്പിറ്റൽ എം.ഡി അൻസാരിയിൽ നിന്ന് വി.കെ.മധു ഏറ്റുവാങ്ങി.കന്നുകാലികളുടെ വിൽപ്പന പാലോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്.മധു ആദ്യകന്നുക്കുട്ടിയെ കർഷകന് കൈമാറി ഉദ്‌ഘാടനം ചെയ്തു.സി.ജെ.രാജീവ് പ്രചാരണ സി.ഡിയും ഇ.ജോൺകുട്ടി പുസ്തകവും പ്രകാശനം ചെയ്തു.മേള ചെയർമാൻ എം.ഷിറാസ്ഖാൻ,ജനറൽ സെക്രട്ടറി ഇ.ജോൺകുട്ടി,ട്രഷറർ വി.എസ്.പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.വൈകിട്ട് പരമ്പരാഗത രീതിയിൽ കവുങ്ങ് മരത്തിൽ സജ്ജമാക്കിയ ഓർമ്മകളുടെ കാർഷിക ദീപങ്ങൾ കാഴ്ചക്കാരിൽ ഗൃഹാതുര സ്മരണകളുണർത്തി. വി.കെ.മധുവിന്റെ നേതൃത്വത്തിൽ നടന്ന 59 ദീപനാളങ്ങൾ തെളിക്കലിൽ കക്ഷി,രാഷ്ട്രീയ ഭേദമെന്യേ പൊതുപ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്തു.