
തിരുവനന്തപുരം:വൈ.എം.സി.എയുടെ നേതൃത്വത്തിൽ സൗജന്യ ഉച്ചഭക്ഷണം ആവശ്യക്കാർക്ക് നൽകുന്ന ഫുഡ് ക്യാബിൻ പദ്ധതി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു.വൈ.എം.സി.എ കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ഫുഡ് ക്യാബിനിൽ നിന്ന് ആവശ്യക്കാർക്ക് ഉച്ചഭക്ഷണം സൗജന്യമായി എടുത്തു കൊണ്ടുപോകാവുന്ന പദ്ധതിയാണിത്.ജില്ലയിലെ വിവിധ ധർമ്മ സ്ഥാപനങ്ങളിൽ എല്ലാ മാസവും ഒന്നാം തീയതി സൗജന്യമായി ഉച്ചഭക്ഷണം നൽകിയിരുന്ന ഫാ.ഡേവിസ് ചിറമേൽ ഫൗണ്ടേഷന്റെ 'ഹങ്കർ ഹണ്ട്'പ്രോജക്ടിന്റെ തുടർച്ചയായാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. പഠനത്തിൽ സമർത്ഥരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വൈ.എം.സി.എ ഏർപ്പെടുത്തിയ 'പേസ് ' സ്‌കോളർഷിപ്പുകളും മന്ത്രി വിതരണം ചെയ്തു. വൈ.എം.സി.എ. പ്രസിഡന്റ് ഡോ.കോശി എം.ജോർജ് , ജനറൽ പ്രോഗ്രാംസ് ചെയർമാൻ പ്രൊഫ.അലക്‌സ് തോമസ്, ട്രഷറർ അഡ്വ.ഇടിക്കുള സഖറിയ, ഹൈ-വൈ ചെയർമാൻ സുമിൻ ഫിലിപ്പ്‌ജോൺ, ജനറൽ സെക്രട്ടറി ഷാജി ജെയിംസ് എന്നിവർ പങ്കെടുത്തു.