feb07a

ആറ്റിങ്ങൽ: വേനൽ കടുത്തതോടെ നിരവധി കുടിവെള്ള പദ്ധതികളുടെ പമ്പു ഹൗസുകൾ സ്ഥിതി ചെയ്യുന്ന വാമനപുരം നദിയിലെ നീരൊഴുക്ക് കുറയുന്നു. കുടിവെള്ള പദ്ധതികൾ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് അധികൃതർ. മഴ ലഭിച്ചില്ലെങ്കിൽ ഈ വേനലിൽ 2017ലെ സ്ഥിതി ആവർത്തിക്കുമോ എന്ന ഭീതിയാണ്. അന്ന് നദി ഉണങ്ങി വരണ്ട് അടിത്തട്ടുകണ്ടിരുന്നു. നദിയിൽ അങ്ങിങ്ങുണ്ടായിരുന്ന കുഴിയിൽ കെട്ടിനിന്ന വെള്ളം പമ്പുപയോഗിച്ച് പമ്പു ഹൗസിൽ എത്തിച്ചാണ് അന്ന് ആശ്വാസം കണ്ടത്. പിന്നീട് മഴ പെയ്തതോടെയാണ് പ്രശ്നം പരിഹരിച്ചത്. ഇത് മുന്നിൽക്കണ്ട് വെള്ളം ദുരുപയോഗം ചെയ്യുന്നതിനെതിരെ വാട്ടർ അതോറിട്ടി നടപടികൾ ഊർജ്ജിതമാക്കി.

പൂവമ്പാറയ്ക്ക് സമീപം തടയണ ഒരുക്കിയാണ് കുടിവെള്ള പദ്ധതികൾക്കാവശ്യമായ വെള്ളം സംഭരിക്കുന്നത്. ഈ തടയണ കഴിഞ്ഞ വർഷം താത്കാലികമായി കുറച്ചു കൂടി ഉയർത്തിയിട്ടും മുകളിലെ നീരൊഴുക്ക് കുറഞ്ഞതുകാരണം വെള്ളം അനുദിനം താഴുകയാണ്. കായലിലെ ഉപ്പ് വെള്ളം വാമനപുരം നദിയിലേക്ക് കയറി കുടിവെള്ളപദ്ധതികളിലേക്കെത്തുന്നത് ചെറുക്കാനാണ് തടയണ നിർമ്മിച്ചിട്ടുള്ളത്. ജനുവരിയിൽ തന്നെ തടയണയിലേക്ക് വെള്ളം ചുരുങ്ങിത്തുടങ്ങിയിരുന്നു. ഇത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ സൂചനയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നാട്ടിൻപുറത്ത് മഴ ലഭിച്ചില്ലെങ്കിലും വനമേഖലയിൽ മഴയുണ്ടെങ്കിൽ നദിയിൽ നീരൊഴുക്കുണ്ടാകുമായിരുന്നു. എന്നാൽ നീരൊഴുക്ക് ഇപ്പോഴേ നിലച്ചതിൽ നിന്ന് വനമേഖലയിലും വരൾച്ച രൂക്ഷമാണെന്ന സൂചനയാണ് ലഭിക്കുന്നത്. നദിയിൽ വെള്ളം കുറയുന്നത് വരും ദിവസങ്ങളിൽ ജനജീവിതത്തെ കാര്യമായി ബാധിക്കുകതന്നെ ചെയ്യും.

നിയന്ത്രണം വേണം

തുലാവർഷം ശക്തമായിരുന്നിട്ടും വേനൽ കടുത്ത് ഒരാഴ്ചക്കുള്ളിൽ കാര്യങ്ങൾ കൈവിട്ടുപോയി. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ കിണറുകളിൽ വെള്ളം കാര്യമായി കുറഞ്ഞു വരിയകാണ്. കുളങ്ങളിലും നീർത്തടങ്ങളിലുമെല്ലാം ജലനിരപ്പും താഴ്ന്നു. ജനങ്ങളുടെ ആശ്രയം ഇപ്പോൾ പൈപ്പ് വെള്ളം മാത്രമാണ്. ഓരോദിവസവും നൂറോളം പുതിയ അപേക്ഷകരാണ് വാട്ടർ അതോറിട്ടിയിൽ കണക്ഷനായി എത്തുന്നത്. ജലലഭ്യത കുറയുന്നതിനാൽ പുതിയ അപേക്ഷകർക്ക് കണക്ഷൻ നൽകുന്നത് വൈകുകയാണ്. നദിയിൽ നീരൊഴുക്ക് നിലച്ചതോടെ ശുദ്ധ ജല വിതരണത്തിലും നിയന്ത്രണങ്ങളേർപ്പെടുത്തേണ്ടി വരുമെന്നാണ് സൂചന. വരൾച്ചാ കാലത്ത് വാളക്കാട്ട് പ്രവർത്തിക്കുന്ന ശുദ്ധീകരണശാലയിൽ നിന്ന് ദിവസവും മുന്നൂറിലധികം ടാങ്കർ ലോറികൾക്ക് വെള്ളം നല്കുന്നതും ഈ നദിയെ ആശ്രയിച്ചാണ്.

വാട്ടർ അതോറിട്ടി അറിയിപ്പ്...

ശക്തമാകുന്ന വരൾച്ചയും കുടിവെള്ള ക്ഷാമത്തെയും മുന്നിൽക്കണ്ട് ജലഅതോറിട്ടി നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കടുത്ത വരൾച്ച മൂലം ജലഅതോറിട്ടി ആറ്റിങ്ങൽ ഡിവിഷന് കീഴിൽ വരുന്ന ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം നാമമാത്രമാണെന്ന് പരാതി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുഗമമായ ജലവിതരണത്തിന് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്.

1. ഉപഭോഗം കൂടുന്നത് കാരണം പല പൈപ്പ് ലൈനിന്റെ അവസാന ഭാഗങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും ജലം കിട്ടാറില്ല.

2. പലയിടത്തും വാട്ടർ മീറ്റർ പ്രവർത്തനരഹിതമായതിനാൽ ഉപഭോഗ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നില്ല.

3.ഈ സാഹചര്യത്തിൽ കേടായ മീറ്ററുകൾ മാറ്റി സ്ഥാപിക്കാത്ത ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കും

4. പൊതുടാപ്പ് കന്നുകാലികളെ കുളിപ്പിക്കുന്നതിനും വാഹനം കഴുകുന്നതിനും വീടുകളിലേക്കും പറമ്പുകളിലേക്കും ഹോസ് ഉപയോഗിച്ച് ജലമോഷണം നടത്തുന്നതിനും വിനിയോഗിക്കുന്നതായി കണ്ടെത്തിയാൽ ആ ടാപ്പ് അടച്ചുപൂട്ടും.

5.ഗാർഹിക കണക്ഷനിൽ ആറ് മാസത്തിൽ കൂടുതൽ കുടിശ്ശികയുള്ളവരുടേയും ഗാർഹികേതര കണക്ഷനിൽ 2 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉള്ളവരുടേയും കണക്ഷനുകൾ മുന്നറിയിപ്പ് കൂടാതെ വിച്ഛേദിക്കും.

6. ഉപഭോക്താക്കൾ കണക്ഷൻ വിച്ഛേദിക്കുന്നതിന് മുമ്പ് ഓഫീസുമായി ബന്ധപ്പെട്ടാൽ തവണകളായി അടയ്ക്കാൻ അവസരം നൽകും.

7.വാട്ടർ ബിൽ ലഭിക്കാത്തവർക്കും ഓഫീസുമായി ബന്ധപ്പെട്ട് ബില്ലും കുടിശ്ശികയുടെ വിവരങ്ങളും ലഭിക്കും.

കുടിശ്ശികമൂലം കണക്ഷൻ വിച്ഛേദിച്ച ഉപഭോക്താക്കളിൽ കുടിശ്ശിക അടയ്ക്കാത്തവരിൽ നിന്നും ഈടാക്കുവാൻ റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ചോർച്ച മൂലമുള്ള ജലനഷ്ടവും ജലമോഷണവും ദുർവിനിയോഗവും ശ്രദ്ധയിൽപ്പെട്ടാൽ 04702620574, 8547638356 (ആറ്റിങ്ങൽ), 8547638359 (വർക്കല) എന്നീ നമ്പരുകളിൽ അറിയിക്കണം.

സതീഷ് ശർമ്മ,​ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ