kanam-rajendran

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് ഇറക്കാനുള്ള അടിയന്തര സാഹചര്യം സി.പി.ഐക്ക് ബോദ്ധ്യമായിട്ടില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താലേഖകരോട് ആവർത്തിച്ചു. ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ച ശേഷമാണ് കാനത്തിന്റെ പ്രതികരണം.

ഗവർണർക്ക് ബോദ്ധ്യപ്പെട്ടതിനാലാകാം ഒപ്പിട്ടത്. എൽ.ഡി.എഫിൽ ചർച്ച നടന്നിട്ടില്ല. അത് നടന്നാലേ അഭിപ്രായസമന്വയം വഴി നിലപാടെടുക്കാനാവൂ. ഭൂരിപക്ഷ, ന്യൂനപക്ഷ തീരുമാനമെന്നത് എൽ.ഡി.എഫിലില്ല. അഭിപ്രായസമന്വയത്തിൽ മുന്നോട്ട് പോവുകയാണ് രീതി. സി.പി.എമ്മുമായി ചർച്ചയുണ്ടായിട്ടില്ല.

മന്ത്രിസഭയിൽ വീണ്ടും വിഷയം ചർച്ച ചെയ്യണം. അവിടെ സി.പി.ഐ മന്ത്രിമാർക്ക് അഭിപ്രായം പറയാനാകും. മന്ത്രിസഭയിലെന്ത് നടന്നുവെന്ന് പുറത്ത് പറയാനാവില്ല. സി.പി.ഐയുടെ അഭിപ്രായം നിർവാഹകസമിതിക്ക് ശേഷം പറഞ്ഞിട്ടുണ്ട്. ഓർഡിനൻസ് ഇറക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ കൂട്ടുത്തരവാദിത്വത്തോടെയാണ് സി.പി.ഐ പ്രവർത്തിച്ചത്.

ശിവശങ്കറിന്റേത്

മാർക്കറ്റിംഗ് തന്ത്രം

എം. ശിവശങ്കർ പുസ്തകമെഴുതിയത് മാർക്കറ്റിംഗ് തന്ത്രം മാത്രമാണെന്ന് കാനം പറഞ്ഞു. സി.പി.ഐക്ക് സ്വർണക്കടത്തോ രക്ഷിക്കാനുള്ള ശ്രമമോ ഇല്ല. ഏതു തരത്തിലുള്ള പുനരന്വേഷണവും നടക്കട്ടെ. അക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നും കാനം പറഞ്ഞു.