വിതുര: വീണ്ടും വൈദ്യുതി മുടക്കം പതിവായതോടെ ജനം ദുരിതത്തിൽ. ഒരാഴ്ചയായി തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ വൈദ്യുതിമുടക്കം പതിവാകുന്നതായാണ് പരാതി. മുന്നറിയിപ്പും കാരണം കൂടാതെയും ഇടയ്ക്കിടക്ക് വൈദ്യുതി മുടങ്ങുന്നതുമൂലം ജനം നട്ടം തിരിയുകയാണ്. കഴിഞ്ഞ മാസം സാധാരണ അറ്റകുറ്റപണികളുടെയും മറ്റും മറവിൽ രാവിലെ മുതൽ വൈകിട്ട് വരെ വൈദ്യുതി വിച്ഛേദിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ ഒരാഴ്ചയായി വൈദ്യുതി കാഴ്ച വസ്തുവാകുന്നതായാണ് നാട്ടുകാർ പറയുന്നത്. വേനൽ കടുത്തതോടെ വൈദ്യുതി ഇല്ലാതെ കഴിയാൻ ബുദ്ധിമുട്ടാണ്. വൈദ്യുതി ഉപയോഗവും ഗണ്യമായി ഉയർന്നിട്ടുണ്ട്. വൈദ്യുതിമുടക്കം രൂക്ഷമായതോടെ വിതുര, തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസുകളിൽ നാട്ടുകാർ പരാതിനൽകിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും പവർകട്ട് രൂക്ഷമാകുന്നതായാണ് ആക്ഷേപം. വൈദ്യുതി മുടക്കം വ്യാപാരിസമൂഹത്തേയും, വിദ്യാർത്ഥികളേയും, പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ മുടങ്ങുന്നതായും പരാതിയുണ്ട്. കാലാവസ്ഥ പ്രശ്നമാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്നാണ് വൈദ്യുതിവകുപ്പ് വ്യക്തമാക്കുന്നത്.

ആറ് മണിക്കൂർ വൈദ്യുതി നിലച്ചു

കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത വേനൽമഴയെ തുടർന്ന് വിതുര, തൊളിക്കോട് മേഖലയിൽ ആറ് മണിക്കൂർ തുടർച്ചയായി വൈദ്യുതി വിതരണം നിലച്ചു. വൈകിട്ട് നാല് മണിയോടെയാണ് മഴ പെയ്തത്. ഇതോടെ വൈദ്യുതി അപ്രത്യക്ഷമായി. രാത്രി ഒമ്പത് മണിയോടെ വിതരണം പുനരാരംഭിച്ചെങ്കിലും പിന്നീട് ഇടയ്ക്കിടെ വിതരണം നിലച്ചു. ഇലവൻ കെ.വി. ലൈനിലെ തകരാറുമൂലമാണ് വൈദ്യുതി വിതരണം നിലച്ചതെന്നാണ് വൈദ്യുതിവകുപ്പ് വ്യക്തമാക്കിയത്. മഴക്കൊപ്പം വീശിയടിച്ച കാറ്റിനെ തുടർന്ന് ചില മേഖലകലിൽ വൈദ്യുതി ലൈനുകളിൽ മരങ്ങൾ കടപുഴകി വീണും മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങിയിരുന്നു.

ആനക്കൂട്ടം വൈദ്യുതി ലൈൻ തകർത്തു

പൊൻമുടിയിലേക്കുള്ള വൈദ്യുതിലൈൻ കാട്ടാനക്കൂട്ടം തകർത്തു. കല്ലാർ ഗോൾഡൻവാലി മേഖലയിലെ വൈദ്യുതി പോസ്റ്റുകൾക്ക് മുകളിലൂടെ കാട്ടാനക്കൂട്ടം മരങ്ങൾ തള്ളിയിടുകയും വൈദ്യുതി ലൈൻ പൊട്ടി വീഴുകയും ചെയ്തു. ഇതുമൂലം പൊൻമുടിയിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചു. കഴിഞ്ഞ ദിവസം ഇവിടെ വേനൽ മഴ പെയ്തിരുന്നു. ഇതോടെയാണ് കാട്ടാനകൾ വനമേഖലയിൽ അനവധി മരങ്ങൾ പിഴുതിട്ടത്. ഇതിന് പുറമേ നാട്ടിൻപുറങ്ങളിലും ആനക്കൂട്ടം ഇറങ്ങി നാശം വിതയ്ക്കുകയും ചെയ്തു. ഇലക്ട്രിസിറ്റി ജീവനക്കാർ അക്ഷീണം പ്രയത്നിച്ചാണ് പൊൻമുടി മേഖലയിലെ വൈദ്യുതി വിതരണം ഇന്നലെ പുനസ്ഥാപിച്ചത്.