loka

തിരുവനന്തപുരം: വിജിലൻസിനും സി.എ.ജിക്കും പിന്നാലെ ലോകയുക്തയുടെയും പല്ലും നഖവും കൊഴിച്ചതോടെ, ഭരണാധികാരികളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും അഴിമതിക്കെതിരായ നിയമപോരാട്ടങ്ങൾ ദുർബലമാവും. അഴിമതിയോ ക്രമക്കേടുകളോ കണ്ടെത്തിയാൽ പൊതുസേവകർ പദവിയൊഴിയണമെന്ന് അർദ്ധജുഡീഷ്യൽ അധികാരമുള്ള ലോകായുക്ത പ്രഖ്യാപിക്കുമ്പോൾ, ഉത്തരവാദപ്പെട്ട അധികാരിക്ക് ഇരുകക്ഷികളുടെയും വാദം കേട്ടശേഷം അത് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാമെന്നാണ് ഓർഡിനൻസിലൂടെ നിലവിൽവന്ന ഭേദഗതി. ഇതോടെ, ലോകായുക്തയ്ക്ക് മേൽ അപ്പീൽ അധികാരിയായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങിയ ഭരണനിർവഹണ സംവിധാനം മാറി.

ലോകായുക്തയെന്ന അഴിമതിവിരുദ്ധ സംവിധാനത്തിന്റെ പല്ലുകൊഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ ലോക്പാൽ നിയമത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രോസിക്യൂഷനായി ബന്ധപ്പെട്ട വകുപ്പാണ് ഉത്തരവ് കൈമാറുക. ലോകായുക്താ നിയമഭേദഗതിയോടെ, ഭരണസംവിധാനം അപ്പീൽ അധികാരിയായി മാറി. ലോകായുക്ത ഹർജി തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നത് മാത്രമാണ് ആശ്വാസം.

ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അഴിമതികളെക്കുറിച്ച് വിജിലൻസിൽ പരാതിപ്പെടാനും വിജിലൻസ് കോടതിയിൽ ഹർജി നൽകാനും മുൻപ് പൗരന്മാർക്ക് കഴിയുമായിരുന്നു. നിയമന അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ലെന്ന ചട്ടഭേദഗതിയോടെ, കൊടുംഅഴിമതിയുടെ വിവരം കിട്ടിയാലും കേസെടുക്കാനാവാതെ, പല്ലുകൊഴിഞ്ഞ സിംഹമായി മാറിയിരിക്കുകയാണ് വിജിലൻസ്. ഉന്നതർക്കെതിരായ പരാതികളിൽ മുഖ്യമന്ത്രിയുടെയോ ഗവർണറുടെയോ അനുമതിയില്ലാതെ വിജിലൻസിന് അനങ്ങാനാവില്ല. ചെറിയ കൈക്കൂലി പിടിക്കുന്നതല്ലാതെ വിജിലൻസിന് കാര്യമായ പണിയില്ലാതായി. പരാതികൾ സർക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റ് ഓഫീസായി വിജിലൻസ് ആസ്ഥാനം മാറി.

അന്വേഷണത്തിന് അനുമതിതേടിയുള്ള അപേക്ഷകൾ സെക്രട്ടേറിയറ്റിലെ ചവറ്റുകൂനയിലാണ്. രണ്ട് മുൻമന്ത്രിമാർക്കും ലീഗ് എം.എൽ.എയ്ക്കുമെതിരായ കേസിനേ സമീപകാലത്ത് അനുമതികിട്ടിയുള്ളൂ. പാലാരിവട്ടം കേസിൽ വി.കെ.ഇബ്രാഹിംകുഞ്ഞ്, അനധികൃത സ്വത്ത് കേസിൽ വി.എസ്.ശിവകുമാർ, പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജി എന്നിവർക്കെതിരെ നീങ്ങാനാണ് അനുമതികിട്ടിയത്.

തമിഴ്നാട്ടിലെ ഭൂമി വരുമാന സത്യവാങ്മൂലത്തിൽ കാട്ടാത്തതിന് വിരമിക്കുന്നതിന് ഒരാഴ്ച മുൻപ് ഡി.ജി.പി ഡോ.ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ അനുവദിച്ചു. സർക്കാരിന്റെ നിലപാടുനോക്കിയാണ് ഗവർണറും തീരുമാനമെടുക്കുക. പരാതികളിൽ ഗവർണർ 90 ദിവസത്തിനകം തീരുമാനമെടുക്കേണ്ടതുണ്ട്. നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ പരാതികളും അപേക്ഷകളും പൂഴ്‌ത്തുകയാണ് പതിവ്. വിജിലൻസ് കോടതിക്ക് കേസെടുക്കാനും സർക്കാരിന്റെ അനുമതി വേണമെന്നതാണ് സ്ഥിതി.

സി.എ.ജിയെ ഒതുക്കിയത് ഇങ്ങനെ

രാജ്യത്തെ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായി, ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിയമസഭയിൽ പ്രമേയം പാസാക്കി നിരാകരിച്ചു

 മസാലാബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ധനവകുപ്പിന്റെ ഭാഗം കേൾക്കാതെ റിപ്പോർട്ടിലുൾപ്പെടുത്തിയ സി.എ.ജി സ്വാഭാവിക നീതി ലംഘിച്ചെന്നായിരുന്നു പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ

 സർക്കാരിന് തിരിച്ചടിയാവുന്ന എട്ട് പേജുകൾ ഒഴിവാക്കിയശേഷമാണ് സി.എ.ജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് വിട്ടത്. പ്രതിപക്ഷ എതിർപ്പിനിടെ ശബ്ദവോട്ടോടെ സി.എ.ജിയെ തള്ളുന്ന പ്രമേയം പാസാക്കുകയായിരുന്നു