sarbath

തിരുവനന്തപുരം:വേനൽക്കാലമായതോടെ വഴിയാത്രക്കാരെ തണുപ്പിക്കാൻ മത്സരിക്കുകയാണ് വഴിയോര ശീതളപാനീയ കടകൾ. അസഹ്യമായ ചൂടിൽ ദാഹം അകറ്റാൻ എ.സി കൂൾബാറുകളെക്കാൾ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് വഴിയോര കേന്ദ്രങ്ങളെയാണ്.വിലക്കുറവും സ്വാദേറുന്ന ജ്യൂസുകളുടെ ലഭ്യതയുമാണ് ഇതിനുകാരണം.15 രൂപയുടെ ഓറഞ്ച് സർബത്ത് മുതൽ തലസ്ഥാന നഗരിയുടെ ദാഹം മാറ്റുന്ന ജ്യൂസ് വെറൈറ്റികൾ വരെയുണ്ട്. ചൂടാണെങ്കിലും ദാഹമുണ്ടെങ്കിലും ഇപ്പോഴും ഇത്തരം ജ്യൂസ് കടകളിൽ നിന്ന് കുടിക്കാൻ മടിക്കുന്നവരുടെ എണ്ണവും ചെറുതല്ല.

നാരങ്ങാസോഡ മുതൽ ബൂസ്റ്റ് വരെ
ഐസിട്ട നാരങ്ങാവെള്ളവും സോഡയും കുടിച്ചു ശീലിച്ച മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ് കുലുക്കി സർബത്ത്,അവിൽ മിൽക്ക്,ഡബിൾ ബൂസ്റ്റ് തുടങ്ങിയ ജ്യൂസിനങ്ങൾ.ഇതിൽ കുലുക്കിയും ബൂസ്റ്റുമാണ് പ്രിയങ്കരം. ഇടയ്ക്ക് ഫുൾജാർ സോഡ വന്ന് ചെറിയൊരു ഓളമുണ്ടാക്കിയെങ്കിലും ഇപ്പോഴും സർബത്തിന്റെ തട്ട് താണുത്തന്നെയാണ്.പാളയം ജുമാ മസ്ജിദിന്റെ മതിലോട് ചേർന്ന് സർബത്ത് കട നടത്തുന്ന അഹമ്മദ് കബീറിനെയും അദ്ദേഹത്തിന്റെ ഓറഞ്ച് നറുനണ്ടി സർബത്തിനെയും അറിയാത്തവർ ചുരുക്കം.22 വർഷമായി കാക്കയും സർബത്തും നിറഞ്ഞോടുകയാണ്.വെറും 15 രൂപയാണ് സർബത്തിന് വില.തൊട്ടടുത്തുതന്നെ ഏഴരവർഷമായി ജ്യൂസ് കട നടത്തുകയാണ് രവി ചേട്ടനും അനിയനും.മാദ്ധ്യമസ്ഥാപനമായ കൈരളിയിലെ 15 വർഷത്തെ ഡ്രൈവർ ജോലിക്കുശേഷം തുടങ്ങിയ ഈ സർബത്ത് കട ഇപ്പോൾ ലാഭത്തിലാണ്.'ഇപ്പോൾ ഞങ്ങൾ ജ്യൂസുകടക്കാർക്ക് സീസണാണ്.കോളേജും ഓഫീസുമൊക്കെ തുറന്നാൽ കച്ചവടം അടിപൊളിയാണ്' പ്രതീക്ഷയോടെ പറയുകയാണ് രവി ചേട്ടൻ.മുന്തിരിപ്പാലാണ് ഇവിടത്തെ സ്‌പെഷ്യൽ.വില 30 രൂപ.മുന്തിരിപ്പാൽ ഉൾപ്പെടെ അവിൽമിൽക്ക്,പൈനാപ്പിൽ,ബൂസ്റ്റ്,ഓറഞ്ച്,നാരങ്ങാ,ഈന്തപ്പഴം തുടങ്ങി പത്ത് വിവിധയിനം സർബത്തുകൾ ഇവിടെ ലഭ്യമാണ്.വില 20 മുതൽ 35 വരെ.

ഇളനീർ വിൽപ്പന 'കൂളല്ല'

ചൂടുകാലത്ത് വഴിയാത്രക്കാരുടെ പ്രിയ പാനീയമാണ് ഇളനീർ.കരിക്ക് ലഘുഭക്ഷണവും.എന്നാൽ കൊവിഡും ലോക്ക് ഡൗണും കരിക്ക് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.വേനൽക്കാലമായിട്ടും ആൾത്തിരക്കില്ലാത്തത് ഇളനീരിനെ വെറും കാഴ്ചവസ്തുവാക്കി.നാടൻകരിക്കിന് 40,ഗൗരീഗാത്രയ്ക്ക് 45 എന്നിങ്ങനെയാണ് വില.

കച്ചവടം 'നൈസ്' അല്ലെന്ന് താഹിറയും മൻസൂറും
നഗരങ്ങളിൽ സർബത്തും കുലുക്കിയും നിറയുമ്പോൾ നഗരത്തിൽനിന്ന് മാറിയുള്ള വഴിയോര പാനീയക്കടകളും ഇളനീർ കടകളും നഷ്ടത്തിലാണ്.ശംഖുംമുഖം വേളി റോഡിൽ വഴിയോര കുലുക്കിക്കട നടത്തുന്ന താഹിറയ്ക്കും മൻസൂറിനും പറയാനുള്ളത് ആരും ഇവിടെ ദാഹം അകറ്റാൻ എത്തുന്നില്ലെന്നാണ്. വേനലായിട്ടും റോഡിൽ യാത്രക്കാരില്ലാത്തതും വാരാന്ത്യ ലോക്ക് ഡൗണും ഇവരുടെ കച്ചവടം ക്ഷീണത്തിലാക്കി.ആൾക്കാരുടെ കുത്തൊഴുക്ക് പ്രതീക്ഷിക്കുന്ന ഇവർക്ക് ലഭിക്കുന്നത് ഒന്നോ രണ്ടോ പേരെയാണ്.നടൻ മോര്,തണ്ണിമത്തൻ ജ്യൂസ്, ഫ്രൂട്ട് സാലഡ്,കുലുക്കി സർബത്ത്,പാൽഅവിൽ സർബത്ത് തുടങ്ങിയ 15 രൂപയുടെ നാരങ്ങാ സോഡ മുതൽ 60 രൂപയുടെ നൊങ്ക് ജ്യൂസ് വരെ താഹിറയുടെ കടയിലുണ്ട്.കുലുക്കിക്ക് പേരുകേട്ട ചാക്ക റോഡിലെ മൻസൂറിന്റെ കടയും ക്ഷീണത്തിലാണ്.