25 ടോയ്ലെറ്റുകൾ സ്ഥാപിക്കാൻ പദ്ധതി
തിരുവനന്തപുരം: നഗരത്തിലെ പ്രധാനയിടങ്ങളിലെ ടോയ്ലെറ്റിന്റെ അപര്യാപ്‌തത പരിഹരിക്കാൻ കർമ്മപദ്ധതിയുമായി നഗരസഭ. 25 ഇടത്ത് ടോയ്ലെറ്രുകൾ സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം.
20 ഇന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക. ടോയ്ലെറ്റ് ഉപയോഗിക്കുന്നവരിൽ നിന്ന് നിശ്ചിതനിരക്ക് ഈടാക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് ടോയ്ലെറ്റ് പദ്ധതിക്ക് പുറമേയാണിത്. പദ്ധതി നടത്തിപ്പിനായി സ്ഥലം കണ്ടെത്തുന്നതിനുള്ള സർവേ പൂർത്തിയായിട്ടുണ്ട്. ടോയ്ലെറ്റ് സ്ഥാപിക്കുന്നതിനായി 37 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അനുമതി ലഭിക്കുന്ന 25 ഇടങ്ങളിലായിരിക്കും ആദ്യഘട്ടമായി ടോയ്ലെറ്റ് നിർമ്മിക്കുക.
സർവേയിൽ കണ്ടെത്തിയ സ്ഥലങ്ങൾ
ആയുർവേദ കോളേജ് ജംഗ്ഷൻ, ആയുർവേദ കോളേജ് കോമ്പൗണ്ട്, പി ആൻഡ് ടി ഓഫീസ് കോമ്പൗണ്ട് പുളിമൂട് ജംഗ്ഷൻ, സ്റ്റാച്യു ജില്ലാ ട്രഷറിക്ക് സമീപം, സെക്രട്ടേറിയറ്റിന് എതിർവശത്തെ മാധവരായർ പ്രതിമയ്ക്ക് സമീപം, സ്റ്റാച്യുവിലെ പഴയ ഇന്ത്യൻ കോഫി ഹൗസ് കെട്ടിടത്തിന് സമീപം, യൂണിവേഴ്സിറ്റി കോളേജ് കോമ്പൗണ്ട്, സംസ്കൃത കോളേജ് കോമ്പൗണ്ട്, അയ്യങ്കാളി ഹാളിന് സമീപം, പാളയം കണ്ണിമേറ മാർക്കറ്റ്, പാളയം ഹോർട്ടികോർപ്പിന് സമീപം, പാളയം പള്ളിക്ക് സമീപം, ഫൈൻ ആർട്സ് കോളേജ്, പബ്ലിക് ലൈബ്രറി, മ്യൂസിയം കോമ്പൗണ്ട്, പബ്ലിക് ഓഫീസ്, കനകക്കുന്ന്, കെൽട്രോൺ കോമ്പൗണ്ട്, വെള്ളയമ്പലം പെട്രോൾപമ്പിന് ഇടതുവശം, മെഡിക്കൽ കോളേജ് കോമ്പൗണ്ട്, പട്ടം ഹൗസിംഗ് ബോർഡ്, പി.എസ്.സി ആസ്ഥാനം, പട്ടം എൽ.ഐ.സി, പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനടയ്‌ക്ക് സമീപം, കളിപ്പാൻകുളം, പൂജപ്പുര, ഓവർബ്രിഡ്ജ്, കിഴക്കേകോട്ട, ചാല, കരമന, കേശവദാസപുരം, തിരുമല, ശാസ്‌തമംഗലം, നാലാഞ്ചിറ, പാറ്റൂർ, പേരൂർക്കട ആശുപത്രി കോമ്പൗണ്ട്
ഒരു വർഷം, എട്ടുകോടി
ഒരുവർഷമാണ് പദ്ധതി നടത്തിപ്പിന്റെ സമയം. ഓരോ ടോയ്ലെറ്റിനും 8.30 ലക്ഷം രൂപ എന്ന കണക്കിൽ എട്ടുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ എക്‌സിക്യുട്ടീവ് എൻജിനിയർക്കാണ് നിർമ്മാണ ചുമതല.
ആധുനിക രീതിയിൽ
ആധുനിക രീതിയിലാണ് ടോയ്ലെറ്റുകൾ സ്ഥാപിക്കുക. ഒറ്റനോട്ടത്തിൽ പരസ്യബോർഡ് സ്ഥാപിച്ചിരിക്കുന്നുവെന്ന രീതിയിലായിരിക്കും ടോയ്ലെറ്റ് സജ്ജമാക്കുന്നത്. പരസ്യങ്ങൾ സ്ഥാപിച്ചാൽ അധിക വരുമാനവും നേടാനാകും. ടോയ്ലെറ്റിന്റെ വരുമാനവും പരിപാലനവും കുടുംബശ്രീയെയോ മറ്റ് സ്വകാര്യഏജൻസികളെയോ ഏല്പിക്കും. കൃത്യമായ പരിപാലനമില്ലെങ്കിൽ നഗരസഭയ്ക്ക് നടപടിയെടുക്കാം.