
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തിൽ അകന്ന ബന്ധു അറസ്റ്റിൽ. കോട്ടാർ, കവിമണിനഗർ സ്വദേശി പരേതനായ ചെല്ലയയുടെ ഭാര്യ ബേബി സരോജയെ (70) കൊലപ്പെടുത്തിയ കേസിൽ ചിരമഠം സ്വദേശി പത്മനാഭപിള്ളയുടെ മകൻ ഭാസ്കറിനെയാണ് (46) അറസ്റ്റ് ചെയ്തത്. എസ്.ഐ ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത്, ബേബി സരോജത്തിന്റെ ഭർത്താവ് ചെല്ലയ ഒരു വർഷം മുൻപാണ് മരിച്ചത്. നാല് മക്കളുണ്ടായിട്ടും വീട്ടിൽ തനിയെ താമസിച്ചിരുന്ന ഇവരെ സഹായിക്കാനായി ഭാസ്കർ എത്തിയിരുന്നു. ഇയാൾക്ക് സരോജം പണം നൽകുന്നതും പതിവായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് സരോജത്തിന്റെ വീട്ടിലെത്തിയ ഭാസ്കർ, ഇവരോട് പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഭാസ്കർ, ബേബി സരോജയെ തറയിൽ തള്ളിയിട്ട് കഴുത്തിൽ കിടന്നിരുന്ന മാലയും, കൈയിൽ കിടന്നിരുന്ന വളയും ഊരിയെടുത്തു. തറയിൽ തള്ളിയിട്ടപ്പോൾ സരോജത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ വന്നപ്പോൾ മുൻവശത്തുള്ള വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനിടെ പ്രതി സ്റ്റെയർകേസ് വഴി ഓടിരക്ഷപ്പെടുന്നത് കണ്ട നാട്ടുകാർ വാതിൽ തകർത്ത് ഉള്ളിൽ കടന്നപ്പോഴാണ് ബേബി സരോജയെ മരിച്ച നിലയിൽ കണ്ടത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ, നാഗർകോവിൽ ഡിവൈ.എസ്.പി നവീൻ കുമാർ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സ്വർണാഭരണങ്ങൾ സ്റ്റെയർകേസിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ബൈക്കാണ് പ്രതിയെ കുരുക്കിലാക്കിയത്
ബേബി സരോജയുടെ വീട്ടിനടുത്ത് നിറുത്തിയിട്ടിരുന്ന ബൈക്കിന്റെ നമ്പർ പരിശോധിച്ചപ്പോഴാണ് ഭാസ്കറിന്റെ വണ്ടിയാണെന്ന് മനസിലായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ അടുത്തുള്ള ആൾ താമസമില്ലാത്ത വീടിന്റെ ബാത്റൂമിൽ നിന്ന് പ്രതിയെ പ്രത്യേക സംഘം പിടികൂടുകയായിരുന്നു. കോട്ടാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.