
തിരുവനന്തപുരം: ലോകായുക്താ നിയമത്തിൽ സർക്കാരിന്റെ പിടി മുറുകിയതോടെ ഹിതകരമല്ലാത്ത വിധികൾക്ക്, വിജിലൻസിന് ലഭിക്കുന്ന പരാതികളുടെ ഗതി വരുമെന്ന ആക്ഷേപം ശക്തം.
ഉന്നതന്മാർക്കെതിരെ വിജിലൻസിന് ലഭിച്ച നിരവധി പരാതികളിൽ കേസെടുക്കാനോ അന്വേഷണത്തിനോ സർക്കാർ അനുമതി നൽകിയിട്ടില്ല. തീരുമാനമെടുക്കാതെ പൂഴ്‌ത്തുകയാണ് പതിവ്.
ഇന്റർവ്യൂവിന് പങ്കെടുക്കാത്ത ബന്ധുവിനെ ന്യൂനപക്ഷവികസന ധനകാര്യകോർപറേഷൻ ജനറൽമാനേജരാക്കിയെന്ന് കെ.ടി ജലീലിനെതിരായ പരാതിയിലും അന്വേഷണത്തിനും കേസിനും സർക്കാർ അനുമതി നൽകിയിരുന്നില്ല. ഗവർണറും അനുമതി നിഷേധിച്ചിരുന്നു. പിന്നീടാണ് ഹർജിക്കാർ ലോകായുക്തയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചതും മന്ത്രി ജലീൽ രാജിവച്ചതും.
നിലവിൽ വിജിലൻസിന് ലഭിച്ച നിരവധി പരാതികൾ സർക്കാരിന്റെ അനുമതി കിട്ടാതെ കെട്ടിക്കിടക്കുന്നുണ്ട്.അവയിൽ വിവാദമായതാണ് ചില പരാതികൾ
#പമ്പയിലെ മണൽക്കൊള്ള
പമ്പാത്രിവേണിയിലെ 1.28ലക്ഷം ഘനയടി മണലും ചെളിയുംനീക്കി കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാൻ ശ്രമിച്ചെന്ന് ചീഫ്സെക്രട്ടറിയായിരുന്ന ടോംജോസിനെതിരായ പരാതിയിൽ അന്വേഷണത്തിന് അനുമതി നൽകിയില്ല. ഡാമുകളിലെ ആയിരം കോടിയുടെ മണൽവാരി വിപണിയിൽ വിറ്റഴിക്കാനുള്ള കരാർ ടെൻഡറില്ലാതെ റഷ്യൻ മലയാളിയുടെ കമ്പനിക്ക് നൽകാൻ ശ്രമിച്ചതും അവഗണിച്ചു.
# റീ-ബിൽഡ് കൺസൾട്ടൻസി
മുഖ്യമന്ത്രിയുടെ നെതർലാൻഡ്സ് സന്ദർശനത്തിൽ സഹായിച്ച കമ്പനിയെ റീ-ബിൽഡ് കേരളയുടെ പ്രളയപ്രതിരോധപദ്ധതിയുടെ കൺസൾട്ടൻസി ടെൻഡറിൽ ഉൾപ്പെടുത്താൻ ചീഫ്സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത ഫയലിലെഴുതിയതിലും അന്വേഷണത്തിന് അനുമതി നൽകിയില്ല. ഈ കമ്പനിയെ ഉൾപ്പെടുത്തിയില്ലെങ്കിൽ നെതർലാൻഡ്സുമായുള്ള നയതന്ത്റബന്ധത്തെ ബാധിക്കുമെന്നും ഫയലിലെഴുതി.
#ബെവ്ക്യൂ ആപ്പ്
ആപ്പ് നിർമ്മാണകരാറിൽ സ്വജനപക്ഷപാതമുണ്ടെന്നും വൈദഗ്ദ്ധ്യമില്ലാത്ത കമ്പനിയെ ചുമതലപ്പെടുത്തിയതിൽ അഴിമതിയുണ്ടെന്നുമുള്ള പരാതിയിൽ അന്വേഷണത്തിന് അനുമതി നൽകിയില്ല. ബാറുകൾക്ക് പരമാവധി ലാഭമുണ്ടാക്കി, ബിവറേജസിനെ തകർക്കുകയാണെന്ന പരാതിയിലും അന്വേഷണമുണ്ടായില്ല.
#ഇ-വാഹന ധാരണാപത്രം
സർക്കാർ തീരുമാനമെടുക്കുംമുൻപ് ഇ-വാഹനനിർമ്മാണത്തിന് സ്വിസ് കമ്പനിയുമായി ധാരണാപത്രം കൈമാറിയ ഗതാഗതസെക്രട്ടറി കെ.ആർ.ജ്യോതിലാലിനെതിരായ പരാതിയിലും അന്വേഷണത്തിന് അനുമതി നൽകിയില്ല. ധനവകുപ്പിന്റെ എതിർപ്പ് മറികടക്കാൻ പ്രൈസ് വാട്ടർകൂപ്പറിനെ കൺസൾട്ടന്റാക്കിയതിലും അന്വേഷണമുണ്ടായില്ല.
#സമാന്തര പി.എസ്.സി
ചീഫ്സെക്രട്ടറിയുടെ ഓഫീസിലടക്കം സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മിന്റ് കൺസൾട്ടൻസി നിയമനങ്ങൾ നടത്തിയതിലും അന്വേഷണത്തിന് അനുമതി ലഭിച്ചില്ല. കിൻഫ്രയുമായുള്ള കരാറിന്റെ മറവിലാണ് സെക്രട്ടേറിയറ്റിലടക്കമുള്ള നിയമനങ്ങൾ. കേരളകൗമുദി തെളിവുകൾ പുറത്തുകൊണ്ടുവന്നിട്ടും പരാതികളുണ്ടായിട്ടും വിജിലൻസിന് അന്വേഷണത്തിന് അനുമതി കിട്ടിയില്ല.