വിതുര:തൊഴിലുറപ്പ് ജോലിക്കിടയിൽ കളഞ്ഞുകിട്ടിയ രണ്ട് പവൻ സ്വർണമാല ഉടമയ്ക്ക് തിരിച്ചുനൽകി തൊളിക്കോട് പനയ്ക്കോട് കണിയാരംകോട് വട്ടപ്പുല്ല് സ്വദേശി പുഷ്പകുമാരി മാതൃകയായി.തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് സ്വദേശി ഷൈലയുടെ മാലയാണ് ആറ് മാസം മുൻപ് നഷ്ടമായത്.മാല കളഞ്ഞുപോയ സ്ഥലത്തും പരിസരപ്രദേശത്തും അന്ന് വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ലഭിച്ചില്ല.കണിയാരംകോട് വാർഡിൽ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് ജോലി നടന്നിരുന്നു.കാട് മൂടികിടന്ന പ്രദേശം മുഴുവൻ വെട്ടിത്തെളിക്കുന്നതിനിടെയാണ് പുഷ്പകുമാരിക്ക് മാല ലഭിച്ചത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവരെ അറിയിക്കുകയും ഷൈലയുടെ നഷ്ടപ്പെട്ട മാലയാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കളഞ്ഞുകിട്ടിയ മാല ഉടമയ്ക്ക് നൽകി മാതൃകകാട്ടിയ പുഷ്പകുമാരിയെ കണിയാരംകോട് വാർഡ് മെമ്പറും,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.വി.ജെ.സുരേഷ് അഭിനന്ദിച്ചു.