
തിരുവനന്തപുരം: പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ലാപ്ടോപ്പുകളും ടാബുകളും ഫോണുകളും വിതരണം ചെയ്യണമെന്ന സർക്കാർ ഉത്തരവ് പഞ്ചായത്ത് ഡയറക്ടർ നടപ്പിലാക്കാത്തതിനെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനൻ ത്രിവേണി, സെക്രട്ടറി എസ്. കുട്ടപ്പൻ കാണി എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി. വിദ്യാർത്ഥികളുടെ ഇനിയുള്ള പഠനമെങ്കിലും പൂർത്തിയാക്കാൻ ഉത്തരവ് നടപ്പിലാക്കേണ്ടതുണ്ടെന്ന് പരാതിയിൽ പറയുന്നു.