
തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസത്തോളം ആളിപ്പടർന്ന കൊവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് കെട്ടടങ്ങുന്നു. പ്രതിദിനരോഗികളുടെ ഗ്രാഫ് താഴേയ്ക്ക്
ആരോഗ്യവിദഗ്ധർ കണക്കൂട്ടിയത് പോലെ , 15ഓടെ മൂന്നാം തരംഗം ശമിക്കുമെന്നതിന് തെളിവാണിത്. രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ,നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ്. കഴിഞ്ഞ ജനുവരി ഒന്നു മുതലാണ് സംസ്ഥാനത്ത് മൂന്നാം തരംഗം ആരംഭിച്ചത്. 2435 കേസുകളും 5 ശതമാനം ടി.പി.ആറുമായിരുന്നു ജനുവരി ഒന്നിന്. വ്യാപനം അതിരൂക്ഷമായതോടെ ജനുവരി 25ന് 55475 പേർ രോഗികളാകുകയും ടി.പി.ആർ 49.41ശതമാനത്തിലെത്തുകയും ചെയ്തു. . തുടർന്നുള്ള ദിവസങ്ങളിൽ ക്രമേണ രോഗികളുടെ എണ്ണം കുറഞ്ഞു .
ഗുരുതരാവസ്ഥയിലെത്തുന്നവർ കുറവായിരുന്നെങ്കിലും വ്യാപകമായി വൈറസ് പടർന്നതും
ഭൂരിഭാഗം പേർ രോഗബാധിതരായതുമാണ് മൂന്നാം തരംഗം സൃഷ്ടിച്ച കടുത്ത പ്രതിസന്ധി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായില്ലെങ്കിലും ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ രോഗികളായത് വെല്ലുവിളിയായി. ആദ്യഘട്ടങ്ങളിൽ രോഗബാധിതരായ പലരും വീണ്ടും വൈറസിൻെറ പിടിയിലായയി. വാക്‌സിനിലൂടെ ആർജ്ജിച്ച പ്രതിരോധമാണ് മൂന്നാം തംരഗം ശമിപ്പിച്ചത്.
1993 മരണം
മൂന്നാംതരംഗം രൂക്ഷമായ ജനുവരി 10മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 1993 പേർ മരണപ്പെട്ടതായാണ് കണക്ക്. മറ്റു സംസ്ഥാനങ്ങളെക്കാൾ ഉയർന്ന നിരക്കാണിത്. 80 വയസിന് മുകളിലുള്ളവരാണ് മരണപ്പെട്ടവരിലേറെയും . 10വയസിന് താഴെയുള്ള 13 കുട്ടികൾക്കും ജീവൻ നഷ്ടമായി. ഇതിൽ 6 പേർ ഒരു വയസിന് താഴെയുള്ളവരാണ്. ജന്മനാ വിവിധ അസുഖങ്ങളുള്ള കുട്ടികളാണ് മരണപ്പെട്ടതെന്നാണ് വിവരം. കുട്ടികളിലെ മരണത്തിലുണ്ടായ വർദ്ധന പഠനവിധേയമാക്കണമെന്ന് ആരോഗ്യവിദഗ്ധനായ ഡോ.എൻ.എം.അരുൺ ആവശ്യപ്പെട്ടു.
'പുതിയ വകഭേദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഡെൽറ്റയോളം അപകടകാരിയും ഒമിക്രോണിന് സമാനമായി പകർച്ച ശേഷിയും കൂടിച്ചേരുന്ന വകഭേദമുണ്ടായാലേ ഭയപ്പെടേണ്ടതുള്ളൂ'
-ഡോ.പദ്മനാഭ ഷേണായി
ആരോഗ്യവിദഗ്ധൻ