
തിരുവനന്തപുരം: ഐ.ടി മേഖലകളിൽ കൂടുതൽ ബാറുകളും ബിയർ-വൈൻ പാർലറുകളും തുടങ്ങാൻ അനുമതി നൽകികൊണ്ടുള്ളതായിരിക്കും സർക്കാരിന്റെ പുതിയ മദ്യനയം. ടെക്നോപാർക്കിനോട് ചേർന്ന് നിസാൻ, ടോറസ് തുടങ്ങിയ വിദേശ കമ്പനികളുടെ സംരംഭങ്ങൾ വരികയാണ്. കൊച്ചിയിൽ ടാറ്റ അടക്കമുള്ള വമ്പൻമാരുടെ പുതിയ പ്രൊജക്ടുകളും വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രാഥമിക ചർച്ചകളിൽ ഉന്നയിക്കപ്പെട്ട പ്രധാന സൗകര്യങ്ങളിൽ മദ്യത്തിന്റെയും ബിയർ-വൈൻ ലഭ്യതയുടെയും സാദ്ധ്യതകളും ആരാഞ്ഞിരുന്നു. ഇതു കൂടി പരിഗണിച്ചാവും പുതിയ മദ്യനയം രൂപീകരിക്കുക.
ടൂറിസം, ഐ.ടി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മദ്യലഭ്യത കൂട്ടാനുള്ള നടപടികൾ ആലോചിക്കുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു
മാർച്ച് ആദ്യവാരം മദ്യനയത്തിന്റെ കരട് തയാറായേക്കും. അതിന് മുമ്പ് മുന്നണിതലത്തിൽ ചർച്ചകൾ നടക്കും.ശേഷം എക്സൈസ് കമ്മിഷണർ മദ്യനയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കും. കൂടുതൽ വിദേശ മദ്യ ചില്ലറ വില്പന ശാലകൾ തുറക്കുന്നതിന് പുറമെ പുതിയ ബാറുകൾക്കും ലൈസൻസ് നൽകിയേക്കും. ഇപ്പോൾ 660 ബാറുകളാണ് സംസ്ഥാനത്തുള്ളത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം 12 ഓളം ബാർ ലൈസൻസുകളാണ് നൽകിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായി പൂട്ടിച്ച പല ബാറുകൾക്കും ഫോർ സ്റ്റാർ സൗകര്യം ഏർപ്പെടുത്തിയതോടെ ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ട്.