
തിരുവനന്തപുരം: സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ വിശദമായ പരിശോധനയ്ക്ക് ശേഷമേ നടപടിയുണ്ടാവൂ. സർക്കാരിനെതിരെ പുസ്തകത്തിൽ പരാമർശമില്ലെന്നാണ് വിലയിരുത്തൽ. കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷമായ വിമർശനവുമുണ്ട്. പരാതി ലഭിച്ചാൽ മാത്രം തുടർനടപടി ആലോചിക്കാമെന്നാണ് സർക്കാർ നിലപാട്.
ഓൾ ഇന്ത്യ സർവീസ് റൂൾ (1968) അനുസരിച്ച് പുസ്തകം എഴുതുന്നതിന് സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അനുമതി വാങ്ങണം. സർക്കാർ നയത്തിനു വിരുദ്ധമായ കാര്യങ്ങൾ പുസ്തകത്തിലുണ്ടെങ്കിൽ നടപടി സ്വീകരിക്കാം. പുസ്തകത്തിൽ ഒരു അധ്യായത്തിൽ മാത്രമാണ് സ്വപ്നയെക്കുറിച്ചും സ്വർണക്കടത്തു കേസിനെക്കുറിച്ചും പരാമർശമുള്ളത്. ജയിൽ ജീവിതവും കേന്ദ്ര ഏജൻസികളുടെ സമീപനവുമാണ് മറ്റ് അധ്യായങ്ങളിൽ. നേരത്തേ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു.