കോവളം: ആഴിമല കടലിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷയൊരുക്കാൻ ടൂറിസം വകുപ്പ് നീക്കം. ആഴിമല ശിവക്ഷേത്രം ട്രസ്​റ്റ് ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്നാണ് ലൈഫ് ഗാർഡുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വരുന്നത്.

കടൽത്തീരത്തെ പാറക്കെട്ടുകളിൽ നിന്ന് സെൽഫിയെടുക്കുന്നതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നാണ് നിഗമനം. സെൽഫി പാറക്കെട്ടുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. അപകടത്തിൽപ്പെട്ടവരിലേറെയും യുവതീയുവാക്കളാണ്. പാറക്കെട്ടുകളിലെ പായലുകളിൽ കാൽ വഴുതിയാണ് അപകടങ്ങളുണ്ടാകുന്നത്. കടലിന്റെ അപ്രതീക്ഷിതമായ ആക്രമണത്തിൽ നീന്തൽ അറിയാവുന്നവർക്ക് പോലും പിടിച്ച് നിൽക്കാനാവില്ലെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ സെപ്തംബറിൽ അടിമലത്തുറ സ്വദേശികളായ നാല് പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്.