congress-candidates-in-lo

തിരുവനന്തപുരം: ഗ്രൂപ്പുകളുടെ താല്പര്യങ്ങളോട് കെ.പി.സി.സി നേതൃത്വം അകൽച്ച കാട്ടുന്ന സാഹചര്യത്തിൽ, ഡി.സി.സി ഭാരവാഹികളായി പരിഗണിക്കേണ്ടവരുടെ പേരുകൾ കൈമാറുന്നതിൽ അലസത കാട്ടി കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ.

സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന വരണാധികാരി ജി. പരമേശ്വര ഇവിടെയെത്തി ചുമതലയേൽക്കുന്നതിന് മുമ്പ് കെ.പി.സി.സി സെക്രട്ടറിമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും പട്ടിക പ്രഖ്യാപിക്കാൻ ശ്രമിക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് ഇത് വിലങ്ങുതടിയായി. ഡി.സി.സി ഭാരവാഹികളുടെ പ്രഖ്യാപനം ഈയാഴ്ച നടത്താനിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ വൈകിയേക്കാം. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവരുമായി ചർച്ച നടത്തും..

കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനമെങ്കിലും ഉടൻ നടത്തിയെടുക്കാൻ നേതൃത്വം ശ്രമിക്കുന്നുണ്ട്. നാല്പത് പേരെയാണ് സെക്രട്ടറിമാരായി നിയമിക്കാൻ ധാരണയുള്ളത്. കരട് പട്ടിക പക്ഷേ വലുപ്പമേറിയതാണ്. ചില പേരുകളിൽ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മിൽ സമവായത്തിലെത്തിയിട്ടുമില്ല. ഗ്രൂപ്പുകളെ നയിക്കുന്ന നേതൃത്വവുമായും സമവായത്തിലെത്തണം. പക്ഷേ, മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഗോവയിലാണ്. തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തല ഇന്ന് തമിഴ്നാട്ടിലേക്ക് പോകും. പത്താം തീയതിയേ ഇരുവരും മടങ്ങിയെത്തൂ.

കെ.പി.സി.സി സെക്രട്ടറിമാരുടെ കാര്യത്തിൽ കാര്യമായ കൂടിയാലോചനകൾ നടത്താത്തതിൽ ഗ്രൂപ്പ് നേതൃത്വങ്ങൾക്ക് അമർഷമുണ്ടെങ്കിലും, പരസ്യ നിലപാട് സ്വീകരിക്കില്ല. ഡി.സി.സി ഭാരവാഹികളുടെ കാര്യത്തിൽ ജില്ലകളിൽ നിന്നുള്ള കരട് പട്ടിക സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിമാർ ഈ മാസം അഞ്ചിനകം നൽകണമെന്ന് കെ.പി.സി.സി കർശനമായി നിർദ്ദേശിച്ചിരുന്നു. ചുരുക്കം ജില്ലകളിൽ നിന്നൊഴിച്ച് കരട് പട്ടിക ലഭിച്ചെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ,ഐ ഗ്രൂപ്പിനെപ്പോലെ എ ഗ്രൂപ്പ് പല ജില്ലകളിലും സഹകരിക്കുന്നില്ല. ഓരോ ജില്ലയിലും ഗ്രൂപ്പിന് ലഭിക്കുന്ന ഭാരവാഹികളുടെ എണ്ണമറിയിച്ചാൽ അതിനനുസരിച്ച് പേരുകൾ നൽകാമെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. എണ്ണം കൈമാറാൻ പാർട്ടി നേതൃത്വം ഒരുക്കവുമല്ല.