കിളിമാനൂർ:ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കിളിമാനൂർ ബ്ലോക്ക് പരിധിയിലെ പട്ടികജാതി വിഭാ​ഗത്തിലുള്ള തൊഴിലാളികൾക്ക് ഇതുവരെയും വേതനം നൽകാത്ത കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കി.2021-22 സാമ്പത്തിക വർഷത്തിൽ ഇതുവരെ 990736 തൊഴിൽ ദിനങ്ങളാണ് ബ്ലോക്ക് പരിധിയിൽ സൃഷ്ടിച്ചത്.ഇതിൽ 283148 തൊഴിൽ ദിനങ്ങൾ പട്ടികജാതിക്കാരുടേതാണ്. അവിദ​ഗ്ദ്ധ മേഖലയിൽ പണിയെടുക്കുന്ന 7441 പട്ടികജാതി കുടുംബങ്ങളുടെ നവംബർ 23 മുതലുള്ള നാലുകോടി രണ്ടുലക്ഷത്തി ആറായിരത്തിമുന്നൂറ്റി ഇരുപത്തിയെട്ട് രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. ജില്ലയിൽ പട്ടികജാതിക്കാർക്ക് ഏറ്റവും അധികം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതും ഏറ്റവും അധികം പട്ടികജാതിക്കാർ ജോലി ചെയ്യുന്നതും കിളിമാനൂർ ബ്ലോക്കിലാണ്. ജനറൽ വിഭാ​ഗത്തിന് വേതനം നൽകുകയും എന്നാൽ തീർത്തും അരക്ഷിതാവസ്ഥയിൽ കഴിയുന്ന പട്ടികജാതി കുടുംബങ്ങൾക്ക് വേതനം നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ ന‌‌‌ടപടി തികച്ചും പ്രതിഷേധാർഹവും നാടിന്റെ സംസ്കാര തനിമയ്ക്ക് ചേർന്നതല്ലെന്നും ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി അറിയിച്ചു.ഈ ജനവിരുദ്ധ നടപടി ഉടൻ പിൻവലിച്ച് പട്ടികജാതി കുടുംബങ്ങൾക്ക് കൂലി കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.