കല്ലറ: കൊവിഡ് കാലത്ത് ജനങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിച്ച ചക്കയും, മാങ്ങയും ഇത്തവണ ചതിച്ചു. ചക്കപ്പുഴുക്കിന്റേയും മാങ്ങച്ചമ്മന്തിയുടേയും സീസണായിട്ടും ഇവ രണ്ടും കണികാണാൻ പോലുമില്ല. പ്ലാവും മാവും പകുതി പോലും കായ്ച്ചിട്ടില്ല. വിലയും കൂടി. റോഡരികിൽ ചെറിയ വണ്ടികളിൽ കൂട്ടിയിട്ട് മാങ്ങ വിൽക്കുന്നവരേയും കാണാനില്ല. മാർക്കറ്റിൽ ചന്തയിൽ മാങ്ങയുടെ വില 160ന് മുകളിലാണ്. നല്ല ചക്ക മുഴുവനായി കിട്ടണമെങ്കിൽ 300 മുതൽ 500വരെ എണ്ണിക്കൊടുക്കണം. മാങ്ങയ്ക്ക് ഇത്രയും വില ഉയർന്ന കാലം ഉണ്ടായിട്ടില്ലെന്നു വ്യാപാരികൾ പറയുന്നു. ചക്കയുടെ കാര്യവും ഇതു തന്നെ. ഉദ്പാദനം കുറഞ്ഞതാണ് വിലകൂടാൻ കാരണം. സാധാരണ വരിക്ക ചക്കയ്ക്കാണ് പ്രിയമെങ്കിലും ഇത്തവണ ചക്ക ഏതായാലും മതിയെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. നിറയെ കായ്ക്കുന്ന പ്ലാവിൽ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമുള്ള സ്ഥിതി. ചിലയിടങ്ങളിൽ അതുമില്ല. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രമുഖ കമ്പനികളും ചക്ക പ്രോസസിംഗ് യൂണിറ്റുകളും നെട്ടോട്ടത്തിലാണ്. തുലാവർഷം അവസാനിക്കുന്ന സമയത്താണ് പ്ലാവിൽ ചക്ക വിരിയുന്നത്. എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നതോടെ പൂവു കൊഴിഞ്ഞുപോയി. നാടൻ മൂവാണ്ടൻ മാങ്ങകൾ കിട്ടാക്കനിയായി. ഇത്തവണ ഇതുവരെ നാടൻ മാങ്ങകൾ വിപണിയിൽ എത്തിയിട്ടില്ല.