photo

അവകാശങ്ങൾ നിഷേധിക്കാൻ ആധാർ ഒരു കാരണമായി മാറരുതെന്ന് സുപ്രീംകോടതി ആധാർ കേസിൽ വ്യക്തമായി നിർദ്ദേശിച്ചിട്ടുള്ളതാണ്. ആധാർ നിർബന്ധമാക്കരുതെന്ന് നിർദ്ദേശിച്ചപ്പോൾ നിർബന്ധമാക്കില്ലെന്ന് കേന്ദ്ര സർക്കാർ സത്യവാങ്‌മൂലം നൽകുകയും ചെയ്തു. എന്നാൽ പ്രായോഗികതലത്തിൽ നിലവിൽ വന്നിട്ടില്ല. ഏത് ഓഫീസിൽ പോയാലും ഇപ്പോൾ ആദ്യം ചോദിക്കുന്നത് ആധാർ കാർഡിന്റെ കോപ്പിയാണ്. അതില്ലെങ്കിൽ കുഴഞ്ഞതു തന്നെ. ഒന്നും നടക്കില്ല. ആധാർ എടുക്കാത്തവരുടെ എണ്ണം തുലോം കുറവാണ്. ചില ആദിവാസി മേഖലയിലുള്ളവർക്കും ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരിൽ ചിലർക്കും ഒഴികെ ആധാർ ലഭിച്ചിട്ടുണ്ട്. അതിനാലാണ് ആധാർ നിർബന്ധമാക്കിയതിൽ പരാതികൾ ഉയരാത്തത്. ഒരു രാജ്യത്ത് വസിക്കുന്ന പൗരന് ഇത്തരം തിരിച്ചറിയൽ കാർഡ് ആവശ്യമാണ്. ഒരു രേഖയുമില്ലാതെ കഴിയുമ്പോൾ അത് പലവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമുള്ള അവസരം കൂടിയായി മാറാം. വികസിത രാജ്യങ്ങളിൽ ഐഡന്റിറ്റി കാർഡ് നിർബന്ധമാണ്. എല്ലാ സേവനങ്ങളും അതുമായി ബന്ധപ്പെട്ടാണ് നൽകുന്നത്. ഈ കാർഡ് നമ്പരിന്റെ അടിസ്ഥാനത്തിലാണ് അത്തരം രാജ്യങ്ങളിൽ ജോലി നഷ്ടപ്പെടുന്നവർക്ക് ജീവിതച്ചെലവിനുള്ള തുക പോലും അനുവദിക്കുന്നത്. എന്നാൽ ഇന്ത്യയിൽ അങ്ങനെയുള്ള ആനുകൂല്യങ്ങളൊന്നും ആധാർ ഉടമകൾക്ക് നൽകുന്നില്ല.

ഭാവിയിൽ അതൊക്കെ വരുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ഏതെങ്കിലും കാരണവശാൽ ആധാർ ഇല്ലാത്തവർക്ക് പല സേവനങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്. വാക്‌സിന് ആധാർ വേണ്ടെന്നത് കർശനമാക്കണം എന്ന നിർദ്ദേശത്തിലൂടെ സുപ്രീംകോടതി ഇങ്ങനെ സേവനങ്ങൾ നിഷേധിക്കാൻ പാടില്ലെന്ന് അടിവരയിട്ട് വീണ്ടും പറഞ്ഞിരിക്കുകയാണ്. വാക്സിൻ, ചികിത്സ പോലുള്ള ജീവന്റെ രക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഏതെങ്കിലും രേഖകളുടെ അഭാവം ഒരു വിലങ്ങുതടിയാവരുത്. ആധാർ ഇല്ലെന്ന പേരിൽ വാക്‌സിൻ നിഷേധിച്ചാൽ അതിന്റെ ഫലം ആ വ്യക്തിക്കൊപ്പം സമൂഹവും അനുഭവിക്കേണ്ടിവരുമെന്നത് കണക്കിലെടുത്താവും സുപ്രീംകോടതി ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. കൊവിൻ പോർട്ടലിൽ വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ സത്യവാങ്‌‌മൂലം നൽകുകയും ചെയ്തിരുന്നു. പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, വോട്ടർ ഐഡി, റേഷൻകാർഡ് തുടങ്ങി ഒമ്പതു തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. സിദ്ധാർത്ഥ ശർമ്മ എന്ന വ്യക്തി പാസ്‌പോർട്ട് നൽകിയിട്ടും ആധാർ നമ്പർ നൽകിയില്ലെന്ന പേരിൽ മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രി വാക്‌സിൻ നിഷേധിച്ചതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

87 ലക്ഷം പേർക്ക് ഒരു തിരിച്ചറിയൽ രേഖയുമില്ലാതെ വാക്‌സിൻ നൽകിയിട്ടുണ്ടെന്ന് ഇതിനൊപ്പം കേന്ദ്രം കോടതിയെ അറിയിക്കുകയും ചെയ്തു. ആധാറിന് പകരം ഏതെല്ലാം രേഖകൾ സ്വീകരിക്കുമെന്നുള്ള പട്ടിക വിവിധ സേവനങ്ങൾ നൽകുന്ന സർക്കാർ ഓഫീസുകളുടെ മുന്നിൽ പ്രത്യേക ബോർഡിൽ നൽകിയാൽ ജനങ്ങൾക്ക് വളരെ പ്രയോജനകരമാകും. ആധാർ ഉള്ളതാണ് കരണീയം. പക്ഷേ അതില്ലാത്തതിന്റെ പേരിൽ അടിയന്തര സേവനങ്ങൾ ഒരാൾക്കും നിഷേധിക്കപ്പെടാൻ പാടില്ല.