dd

തിരുവനന്തപുരം:ക്ലിഫ് ഹൗസ്‌ മുതൽ രാജ്ഭവൻ വരെയുള്ള റോഡ് ഇനിമുതൽ കറപ്‌ഷൻ കോറിഡോർ അഥവാ അഴിമതിയുടെ ഇടനാഴി എന്നറിയപ്പെടുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.വിവാദ ലോകായുക്ത ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രാജ്ഭവന് മുന്നിൽ നടന്ന അഴിമതിവിരുദ്ധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ പോലും അനുകൂലിക്കാത്ത ഈ ഓർഡിനൻസ് നടപടിയെ എന്തുകൊണ്ട് ഗവർണർ പിന്തുണച്ചുവെന്നും വ്യക്തമാക്കണം. ധൃതിയിലുള്ള ഈ ഓർഡിനൻസ് നടപടി കേരളത്തിന്റെ അഴിമതിവിരുദ്ധ പോരാട്ടങ്ങളിൽ വെള്ളം ചേർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ലിഫ്ഹൗസ് മുതൽ രാജ്ഭവൻ വരെ നടത്തിയ മാർച്ചിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുധീർഷാ പാലോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്.ശബരിനാഥൻ, നുസൂർ,എസ്.എം.ബാലു,പ്രേംരാജ്,ജില്ലാ സെക്രട്ടറിമാർ, മറ്റ് നേതാക്കൾ എന്നിവർ പങ്കെടുത്തു.