
ചോദിക്കാതെ തന്നെ കനിവും സഹായവും തേടിയെത്തേണ്ട ഒട്ടേറെ ജീവിതങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നമ്മുടെ സമൂഹം. നിർഭാഗ്യവശാൽ ഭൂരിപക്ഷം പേർക്കും അതിനു ഭാഗ്യമുണ്ടാകാറില്ലെന്നതാണു സത്യം. അർഹമായ ആനുകൂല്യങ്ങൾക്കായി വാതിലുകൾ എത്രതവണ മുട്ടിയാലും തുറക്കപ്പെടണമെന്നില്ല. അപൂർവം ചിലരുടെ കാര്യത്തിലെങ്കിലും ജീവത്യാഗം തന്നെ വേണ്ടിവരും ചുറ്റുമുള്ളവരുടെ കണ്ണുതുറക്കാൻ. എറണാകുളം മാല്യങ്കരയിൽ സ്വന്തമായുള്ള നാലുസെന്റ് ഭൂമിയുടെ തരംമാറ്റാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മനംമടുത്ത് ഒടുവിൽ വീടിനു പിന്നിലുള്ള മരത്തിൽ തൂങ്ങിമരിച്ച സജീവനു നേരെ ഭരണകൂടവും ഉദ്യോഗസ്ഥ പ്രമാണിമാരും കണ്ണുതുറക്കാൻ ജീവത്യാഗം തന്നെ വേണ്ടിവന്നു. സമൂഹത്തെ ഒന്നാകെ പിടിച്ചുലച്ച സംഭവമായപ്പോഴാണ് ബന്ധപ്പെട്ടവരെല്ലാം കണ്ണുതുറന്നത്.
നിലമെന്നു ഭൂരേഖകളിൽ രേഖപ്പെടുത്തിയിരുന്ന നാലുസെന്റിന് കര എന്ന പരിഗണന ലഭിക്കാൻ വേണ്ടിവന്ന കാത്തിരിപ്പും ഒടുവിൽ അതിനായുള്ള ജീവത്യാഗവുമെല്ലാം സാധാരണക്കാരന്റെ നിസഹായതയുടെ സ്‌മൃതികളായി എന്നെന്നും നിലനിൽക്കും. ഭൂമി തരംമാറ്റിയതിന്റെ റവന്യൂരേഖ ജില്ലാകളക്ടർ കഴിഞ്ഞ ദിവസം നേരിട്ടാണ് സജീവന്റെ വീട്ടിൽ കൊണ്ടുചെന്നു കൊടുത്തത്. വകുപ്പുമന്ത്രിയുടെ മനുഷ്യത്വപരമായ സമീപനമാണ് ഇത്തരമൊരു അപൂർവ നടപടി സാദ്ധ്യമാക്കിയത്.
പാമ്പുപിടിത്തത്തിനിടയിൽ ഉഗ്രവിഷമുള്ള മൂർഖന്റെ കടിയേറ്റ് മരണത്തിനും ജീവിതത്തിനുമിടയിൽ ഏതാനും ദിവസം സഞ്ചരിച്ച് ഒടുവിൽ വീണ്ടും ജീവിതത്തിലേക്കു തിരിച്ചുവന്ന വാവ സുരേഷിന് വീടുവച്ചു നൽകുമെന്ന മന്ത്രി വാസവന്റെ പ്രഖ്യാപനവും ഒരു കടമ നിറവേറ്റലായി വാഴ്‌ത്തപ്പെടേണ്ടതാണ്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആയിരക്കണക്കിനു കുടുംബങ്ങൾക്കാണ് ഈ ചെറുപ്പക്കാരൻ ഇതിനകം തുണയായി നിന്നതെന്നത് ചെറിയ കാര്യമല്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വാവ സുരേഷ് തന്റെ ഓലപ്പുരയിലേക്ക് കഴിഞ്ഞ ദിവസമാണു മടങ്ങിയെത്തിയത്. കഴിഞ്ഞ എത്രയോ വർഷങ്ങളായി പാമ്പുഭീതിയിൽ നിന്ന് കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുന്ന ഇതുപോലൊരു വ്യക്തിക്ക് കയറിക്കിടക്കാൻ ഉറപ്പുള്ള ഒരു വീടുപോലുമില്ലെന്നത് സമൂഹം നേരത്തെ തന്നെ കണ്ണുതുറന്നു കാണേണ്ടതായിരുന്നു. സഹായത്തിനായി ആരുടെ മുമ്പിലും കൈനീട്ടിയില്ലെന്നത് കുറ്റമായോ പോരായ്മയായോ കാണേണ്ടതില്ല. ഭരണകൂടവും സമൂഹവും അറിഞ്ഞു ചെയ്യേണ്ട കാര്യമാണത്. നമുക്കു ചുറ്റിലും എത്രയോ രാഷ്ട്രീയകക്ഷികളും സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുമൊക്കെയുണ്ട്. അർഹതപ്പെട്ടവന്റെ ആവശ്യം അറിഞ്ഞു ചെയ്യുമ്പോഴാണ് അത്തരം പ്രവൃത്തി മഹത്തരമാകുന്നത്.
വാവ സുരേഷിനെപ്പോലെ ചുറ്റുമുള്ളവർക്കും സമൂഹത്തിനുംവേണ്ടി നിസ്വാർത്ഥ സേവനം നടത്തുന്ന അനേകം പേർ ഏതു നാട്ടിലും ഉണ്ടാകും. എന്നിരുന്നാലും അവരിൽ നിന്നെല്ലാം സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സഹായവും പരിഗണനയും അർഹിക്കുന്ന ആൾ തന്നെയാണ് വാവ സുരേഷ് എന്നത് നിസ്തർക്കമാണ്. പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ കിടന്ന ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ഉയർന്ന ഉത്‌കണ്ഠ നിറഞ്ഞ അന്വേഷണങ്ങളും ജനങ്ങളുടെ പ്രാർത്ഥനയും മറക്കാനാവുന്നതല്ല. ചാരിറ്റബിൾ സംഘടന വഴിയാണെങ്കിലും വാവ സുരേഷിന് പുതിയൊരു വീടുണ്ടാകുന്നത് ആഹ്ളാദകരമായ കാര്യമാണ്.
സഹായവും പിന്തുണയും അവശ്യം എത്തേണ്ട ഒട്ടേറെപ്പേർ ചുറ്റിലുമുണ്ടാകും. എല്ലാവരെയും ഒരുപോലെ സഹായിക്കാൻ ഒരു ഭരണകൂടത്തിനും സാദ്ധ്യവുമല്ല. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ജനസേവകരും സംഘടനകളുമൊക്കെയാണ് സഹായവുമായി എത്തേണ്ടത്. ഒട്ടുമിക്ക സന്ദർഭങ്ങളിലും സമൂഹം അവസരത്തിനൊത്ത് ഉയരാറുമുണ്ടെന്നത് മറക്കുന്നില്ല. ചികിത്സാ കാര്യങ്ങളിലും കിടപ്പാടമുണ്ടാക്കാനും മറ്റുമായി എത്രയോ നിസ്വാർത്ഥമതികൾ എല്ലാക്കാലത്തും മുന്നോട്ടുവരാറുണ്ട്. സർക്കാരിന്റെ വിവിധ സഹായ പദ്ധതികൾ അർഹതപ്പെട്ടവരിൽ മാത്രം എത്തിക്കുന്നതിലും വേണം നിതാന്ത ശ്രദ്ധ.