
 ഉദ്ഘാടനം 10ന് രാവിലെ പൂവച്ചൽ സ്കൂളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് 53 സ്‌കൂളുകൾ കൂടി ഹൈടെക്കായതിന്റെ ഔപചാരിക ഉദ്ഘാടനം 10ന് രാവിലെ 11.30ന് പൂവച്ചൽ ഗവ. വി.എച്ച്.എസ്.സിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാകിരണം പദ്ധതിയിലൂടെ 90 കോടി രൂപ ചെലവിലാണ് 53 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലാക്കിയതെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് പ്രേട്ടോകോൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ. ആന്റണിരാജു, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, കെ. രാധാകൃഷ്ണൻ, വീണാ ജോർജ്ജ്, ജെ. ചിഞ്ചുറാണി, അടൂർ പ്രകാശ് എം.പി എന്നിവർ പങ്കെടുക്കും.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സ്വാഗതവും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നന്ദിയും പറയും. പൂവച്ചൽ ജി.വി.എച്ച്.എസ്.എസിന്റെ പുതിയ കെട്ടിടത്തിന്റെ താക്കോൽ മുഖ്യമന്ത്രി അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എയ്‌ക്ക് കൈമാറും.