
മലയിൻകീഴ് : കാട്ടാക്കട പേയാട് റോഡിൽ മലയിൻകീഴ്,കരിപ്പൂര്,തച്ചോട്ടുകാവ് ഭാഗങ്ങളിൽ തകർന്നടിയാത്ത ഒരിടംപോലുമില്ല. കരിപ്പീര് കൊടും വളവിൽ കഴിഞ്ഞ ഒരു വർഷമായി റോഡാകെ തകർന്ന് വെള്ളക്കെട്ടായി തീർന്നിരിക്കുകയാണ്. നിവരധി പരാതികൾ പൊതുമരാമത്ത് വകുപ്പിലും വാട്ടർ അതോറിട്ടിക്കും നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നതിനാൽ രണ്ട് ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളും റോഡിന്റെ പ്രശ്നമില്ലാത്ത ഭാഗത്ത് വരുമ്പോഴാണ് പലപ്പോഴുമിവിടെ അപകടമുണ്ടാകുന്നത്. വെള്ളം കെട്ടി നിൽക്കുന്നത് ചെറിയ കുഴിയാണെന്ന് ധരിച്ച് ഇരുചക്രവാഹമുൾപ്പെടെ ഇറക്കുമ്പോൾ തെന്നിവീണ് അപകടമുണ്ടാകുന്നതും പതിവായിട്ടുണ്ട്.കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിൽ നിന്ന് അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനിയർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയെങ്കിലും വെള്ളക്കെട്ടിന് കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ല. വാട്ടർ അതോറിട്ടിയുടെ തലയിൽ പഴിചാരി രക്ഷപ്പെടാനാണ് പൊതുമരാമത്ത് അധികൃതരുടെ ശ്രമമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ വാട്ടർ അതോറിട്ടി എൻജിനിയർ സ്ഥലത്തെത്തി റോഡിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പോയെങ്കിലും പൈപ്പ് വെള്ളമല്ലെന്നാണ് അവർ പറയുന്നത്. ജനങ്ങളുടെ ആവശ്യപ്രകാരം പൈപ്പ് അടച്ച് ശേഷം റോഡിൽ വെള്ളം കെട്ടുന്നുണ്ടോ എന്ന പരിശോധന നടത്തേണ്ടിവരുമെന്നാണ് അവർ പറയുന്നത്. മലയിൻകീഴ് ജംഗ്ഷനിൽ കുഴികളിൽ പായ്ക്കറ്റ് ടാർ കൊണ്ടിട്ട് കുഴി നികത്തിയെങ്കിലും അതെല്ലാം ഇളകി മാറിയിട്ടുണ്ട്. അതിന്ശേഷം ചില സ്ഥലങ്ങളിൽ മാത്രം ടാറിംഗ് നടത്തിയെങ്കിലും റോഡ് ഇപ്പോഴും കുണ്ടും കുഴിമായി തുടരുകയാണ്.
ഓടയും അടഞ്ഞു
കരിപ്പൂര് റോഡിന് കുറുകെയുള്ള ഓട അടഞ്ഞ് വെള്ളം കെട്ടി നിൽക്കുന്നതാണ് റോഡ് തകർച്ചയ്ക്കും വെള്ളക്കെട്ടിനും കാരണം. റവന്യൂ രേഖകളിൽ റോഡ് അരികിലൂടെയുള്ളത് കൈതോടെന്നാണ് ഉള്ളത്. എന്നാൽ അതെല്ലാം ക്രമേണ അപ്രത്യക്ഷമാവുകയായിരുന്നു.
അപകടങ്ങൾ പതിവ്
2014-15 ൽ എൻ. ശക്തൻ സ്പീക്കറായിരുന്നപ്പോഴാണ് ഒടുവിലായി ഈ റോഡ് നവീകരിച്ചത്. നവീകരണ പ്രവർത്തനങ്ങൾ നടന്നപ്പോഴേ അപാകതയുണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനങ്ങളിൽ പോകുന്നവർ ജീവൻ പണയപ്പെടുത്തിയാണ് യാത്ര ചെയ്യുന്നത്. കരിപ്പൂര് ഭാഗത്തെ വെള്ളക്കെട്ടിൽ പേയാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കുഴിയിൽ വീഴാതിരിക്കാൻ ബ്രേക്ക് ഇട്ടപ്പോൾ തെട്ട് പിറകെ ഇരുചക്രവാഹനത്തിലെത്തിയ യുവാവ് കാറിലിടിച്ച് കഴിഞ്ഞ ദിവസം അപകത്തിൽ പെട്ടതാണ് ഒടുവിലത്തെ സംഭവം.
എപ്പോഴും തിരക്കേറിയ റോഡ് മുറിച്ച് കടക്കാനാകാത്തവിധം വാഹനത്തിരക്കാണ്. തിരുവനന്തപുരം,നെയ്യാറ്റിൻകര ഭാഗത്ത് നിന്നും തമിഴ്നാട് ഭാഗത്തേക്കും ലോറി ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ നിത്യവും പോകുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ കാരണം യാത്രക്കാർ ഭീതിയോടെയാണ് രാത്രികാലങ്ങളിൽ ഇതുവഴിപോകാറുള്ളത്. ജനങ്ങളുടെ യാത്രാബുദ്ധിമുട്ടിന് അടിയന്തരമായി റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.