shivankutti

തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതുവരെയുള്ള ക്ളാസുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അധിക മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടർന്ന് രണ്ടാഴ്ച അടച്ചിട്ടശേഷം ഈ മാസം 14നാണ് ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്. സ്കൂളുകൾ മുഴുവൻ സമയം തുറക്കുന്നതിന് ഒരു പ്രശ്നവുമില്ലെന്ന് മന്ത്രി പറഞ്ഞു.

പത്ത്, പ്ളസ് ടു ക്ളാസുകളിലെ പരീക്ഷകളുടെ കാര്യത്തിൽ ഒരു മാറ്റവും ഇല്ല. മറ്റുള്ള ക്ളാസുകളിലും വാർഷിക പരീക്ഷ നടത്തും. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങളെല്ലാം തീർക്കും വിധത്തിലാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികളുടെ അക്കാഡമിക് കാര്യങ്ങൾക്കൊപ്പം ആരോഗ്യ കാര്യങ്ങൾക്കും വകുപ്പ് പ്രാധാന്യം നൽകുന്നു. പുതിയ വർഷത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കുട്ടികളുടെ അക്കാഡമിക് കാര്യങ്ങൾക്കും കൂടുതൽ ഊന്നൽ നൽകും. ഫീസ് അടയ്ക്കാത്തതിനാൽ ചില സ്കൂളുകളിൽ ക്ളാസുകൾ നിഷേധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരാതികിട്ടിയാൽ നടപടിയെടുക്കും. എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കെല്ലാം ഇത് ബാധകമാണ്.

അദ്ധ്യാപകരിൽ ബഹുഭൂരിപക്ഷവും കൊവിഡ് വാക്സിൻ എടുത്തു. അനാരോഗ്യം കാരണം ചുരുക്കം ചില അദ്ധ്യാപകർ മാത്രമേ ശേഷിക്കുന്നുള്ളൂ.