pinaryi-

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മേയ് 20ന് ഒരു വർഷം പൂർത്തിയാക്കുന്നതിന് മുന്നോടിയായുള്ള നൂറു ദിന കർമ്മപദ്ധതി മന്ത്രിസഭായോഗം ഇന്ന് അംഗീകരിക്കും. ഇതിനായി മന്ത്രിമാർ അവരവരുടെ വകുപ്പുകളുടെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ദീർഘനാളുകൾക്ക് ശേഷം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ നൂറുദിനപദ്ധതികൾ പ്രഖ്യാപിക്കും.

ബസ് ചാർജ് വർദ്ധനയും നിയമസഭാ സമ്മേളനം ചേരുന്നതിനുള്ള തീയതിയും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഓട്ടോ, ടാക്സി നിരക്ക് വർദ്ധന സംബന്ധിച്ച ഗതാഗത വകുപ്പിന്റെ മറ്റൊരു ഫയലും പരിഗണിച്ചേക്കാം.മിനിമം ബസ് ചാർജ് പത്ത് രൂപയാക്കുന്നതിന് പുറമേ കിലോമീറ്റർ നിരക്കിലും ആനുപാതിക വർദ്ധനവിനാണ് ഗതാഗത വകുപ്പിന്റെ ശുപാർശ. നിരക്ക് വർദ്ധന മന്ത്രിസഭായോഗം അംഗീകരിച്ചാൽ , 15 മുതൽ നടപ്പാക്കാനാണ് സാദ്ധ്യത. വൈദ്യുതിനിരക്ക് വർദ്ധന ആവശ്യപ്പെട്ട് വൈദ്യുതിബോർഡും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. എല്ലാ വർദ്ധനവും ഒറ്റയടിക്ക് വരുന്നത്, കൊവിഡ്കാല ദുരിതം പേറുന്ന ജനത്തിന് മറ്റൊരു ഇടിത്തീയാവും.

നിയമസഭാ സമ്മേളനം 18 മുതൽ ആരംഭിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്ന കരട് പട്ടികയും മന്ത്രിസഭായോഗം പരിഗണിക്കും. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ട സാഹചര്യത്തിൽ സഭാസമ്മേളനം വിളിച്ചുചേർക്കാൻ ഇനി തടസ്സങ്ങളില്ല. 18ന് രാവിലെ 9ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. അന്തരിച്ച എം.എൽ.എ പി.ടി. തോമസിന് 21ന് ചരമോപചാരമർപ്പിച്ച് പിരിയും. 22 മുതൽ 24വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയാണ്. തുടർന്ന് സമ്മേളനം തൽക്കാലത്തേക്ക് പിരിഞ്ഞശേഷം മാർച്ച് 11ന് പുനരാരംഭിക്കും. അന്ന് പുതിയ സാമ്പത്തികവർഷത്തേക്കുള്ള ബഡ്ജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. 14 മുതൽ 16വരെ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയാണ്. തുടർന്ന് നാല് മാസത്തേക്കുള്ള വോട്ട് ഒൺ അക്കൗണ്ടും പാസാക്കി സഭ പിരിയും. സഭാസമ്മേളനത്തിൽ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും വന്നേക്കും.