kayakalp-award

തിരുവനന്തപുരം : മികച്ച ശുചിത്വവും അണുബാധാ നിയന്ത്രണവും നടപ്പാക്കിയ കൊല്ലം ജില്ലാ ആശുപത്രിക്കും എറണാകുളം ജനറൽ ആശുപത്രിക്കും സംസ്ഥാന സർക്കാരിൻെറ കായകൽപ്പ് അവാർഡ്. ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ ഇരുആശുപത്രികളും പങ്കിടും.

രണ്ടാം സമ്മാനമായ 20 ലക്ഷം രൂപ തൃശൂർ ജനറൽ ആശുപത്രിയും നേടി. സബ് ജില്ലാ തലത്തിൽ പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ഒന്നാം സമ്മാനമായ 15 ലക്ഷം രൂപയും രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ താമരശേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി കരസ്ഥമാക്കി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാം സമ്മാനമായ മൂന്നു ലക്ഷം രൂപയ്ക്ക് സി.എച്ച്.സി പെരിഞ്ഞനം തൃശൂർ അർഹരായി.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ മൂന്ന് ക്ലസ്റ്ററായി തിരിച്ചാണ് അവാർഡ് നൽകിയത്. ഇത് കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ട് ലക്ഷം രൂപ വീതവും ജില്ലകളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 50,000 രൂപ വീതവും ലഭിക്കും.