
@ നെതർലൻഡ്സ് നിർമ്മിതമായ സിൽറ്റ് പുഷർ ആക്കുളം കായലിൽ
തിരുവനന്തപുരം: ജലാശയങ്ങളിലെ ചെളിനീക്കാൻ വാട്ടർ ബുൾഡോസറായി ഉപയോഗിക്കാവുന്ന സിൽറ്റ് പുഷർ എത്തുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ശുചീകരണ പദ്ധതികളുടെ ഭാഗമായി ജലസേചന വകുപ്പ് വാങ്ങിയ സിൽറ്റ്പുഷറിന്റെ ട്രയൽ റൺ ആക്കുളം കായലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിൽ ആഴത്തിൽ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള സംവിധാനമില്ല. സിൽറ്റ് പുഷർ ഒന്നരമീറ്റർ താഴേക്ക് ഇറങ്ങിച്ചെന്ന് ചെളി നീക്കം ചെയ്യുന്നതിനൊപ്പം ഇരു വശങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ഡോസർ ബ്ലേഡ് ആറ് മീറ്റർ വീതിയിൽ പായലുകളും കോരിയെടുത്ത് കരയിലേക്ക് മാറ്റാൻ സഹായിക്കും. മണിക്കൂറിൽ 100 ക്യുബിക് മീറ്റർ പ്രദേശത്തെ ചെളി നീക്കാൻ ഈ മെഷീന് സാധിക്കും.
കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചെളിനീക്കം ചെയ്യുന്നതിന് ഈ മെഷീൻ പ്രയോജനപ്പെടുത്താം. നിലവിൽ ഒരു മെഷീനാണ് വാങ്ങിയിട്ടുള്ളത്. വിജയപ്രദമെന്ന് കണ്ടാൽ കൂടുതൽ മെഷീനുകൾ വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
വാർഡ് കൗൺസിലർ എസ്. സുരേഷ് കുമാർ, ജലസേചന വകുപ്പ് ചീഫ് എൻജിനിയർ ഡി. സതീശൻ, എക്സിക്യുട്ടീവ് എൻജിനിയർ പ്രദീപ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
എന്താണ് സിൽറ്റ് പുഷർ?
200 മീറ്റർ ദൂരത്തുനിന്ന് ജലാശയത്തിലെ ചെളി കരയിലേക്ക് തള്ളാൻ കഴിയുന്ന വാട്ടർ ബുൾഡോസർ ആയി പ്രവർത്തിക്കും. കോരുന്നതിന്റെ പരമാവധി ആഴം 1.5 മീറ്റർ. ചെളി നീക്കം ചെയ്യുന്നതിന് യന്ത്രത്തിലെ 'വിഞ്ചു'കളുടെ സഹായത്താൽ യന്ത്രത്തെ ഒരു സ്ഥലത്ത് നിന്ന് നീക്കും.
തടസ്സങ്ങളാൽ ലോഡ് 5000 കെ.ജി.എഫി ന് മുകളിൽ പോയാൽ, ഹൈഡ്രോളിക് സർക്യൂട്ട് റിലീഫ് വാൽവ് വിഞ്ച് പ്രവർത്തനം നിറുത്തും. പിൻഭാഗത്തെ വിഞ്ചിനും സുരക്ഷാ വാൽവുണ്ട്.