
തിരുവനന്തപുരം: യാത്രക്കാരുടെ ചിരകാലാഭിലാഷമായിരുന്ന നിർദ്ദിഷ്ട ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ ആറ്റിങ്ങലിന്റെ മുഖച്ഛായ മാറും. ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിലുപരി ആറുവരിപ്പാതയുടെ കടന്നുവരവ് ആറ്റിങ്ങൽ നഗരസഭയെയും സമീപ പഞ്ചായത്തുകളെയും വികസനത്തേരിലേറ്റും.
മണിക്കൂറിൽ നൂറ് കിലോമീറ്റർ കുറഞ്ഞവേഗം നൽകാൻ പ്രാപ്തിയുള്ള വിധത്തിലാകും റോഡിന്റെ നിർമ്മാണഘടന. സർവീസ് റോഡുകളുമായി ബന്ധമുണ്ടായിരിക്കുമെങ്കിലും ഒരിടത്തും റോഡ് മുറിച്ച് കടക്കേണ്ടിവരാത്ത വിധമാകും നിർമ്മിതി.
സിഗ്നൽ സംവിധാനം പോലും ഒഴിവാക്കിക്കൊണ്ടാണ് റോഡ് രൂപകല്പന ചെയ്യാൻ ഉദ്ദേശിക്കുന്നത്. ബൈപ്പാസിൽ തോട്ടയ്ക്കാട് തോട്, വാമനപുരം ആറ്, മാമം തോട് എന്നിവിടങ്ങളിൽ കുറുകെ പാലം വരും. കൂടാതെ നിരവധി സ്ഥലങ്ങളിൽ കലുങ്കുകളും ആവശ്യമായി വരും. പുതിയ റോഡിന്റെ നിർമ്മാണമായതിനാൽ എത്ര സ്ഥലങ്ങളിൽ ഫ്ലൈഓവർ വേണമെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ലെന്ന് നാഷണൽ ഹൈവേ അതോറിട്ടി പ്രോജക്ട് വിഭാഗം വെളിപ്പെടുത്തി.
നാല് റോഡുകൾ സന്ധിക്കുന്ന സ്ഥലങ്ങളിലെല്ലാം ഫ്ലൈ ഓവറുകളോ അടിപ്പാതകളോ ആവശ്യമായി വരുമെന്ന് എൻ.എച്ച്.എ.ഐ പറഞ്ഞു. ആയാംകോണം മുതൽ മാമം വരെ ബൈപ്പാസ് റോഡ് നിർമ്മാണത്തിനായി 44.1291 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത്.
കടമ്പാട്ടുകോണം കഴക്കൂട്ടം ദേശീയപാതാ നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായാൽ ആറുമാസത്തിനകം നിർമ്മാണം ആരംഭിക്കാമെന്നാണ് കരുതുന്നത്.