വർക്കല: തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങളും അനധികൃത നിർമ്മാണങ്ങളും തടയുന്നതിന് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിന് നിയമനടപടി സ്വീകരിക്കാൻ ഇടവ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി തീരുമാനിച്ചു. പ്രസിഡന്റ് എ. ബാലിക്കിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ തീരുമാനത്തെ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളും പിന്തുണച്ചു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകേണ്ട പൊലീസ് അതിനു തയാറാകാതിരുന്നതിൽ യോഗം ആശ്ചര്യം പ്രകടിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകാത്ത പൊലീസ് എങ്ങനെ സാധാരണക്കാരന് സംരക്ഷണം നൽകുമെന്നും ചില അംഗങ്ങൾ സംശയം പ്രകടിപ്പിച്ചു. ഇടവ ഗ്രാമപഞ്ചായത്തിലെ പെത്തിരിമുക്ക്, കാപ്പിൽ എന്നിവിടങ്ങളിൽ നടക്കുന്ന അനധികൃത നിർമ്മാണങ്ങൾക്കെതിരെ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും തുടർന്നുവന്ന നിർമ്മാണപ്രവർത്തനം തടയാനെത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെൽജിത്ത് ജീവൻ, അസിസ്റ്റന്റ് സെക്രട്ടറി കെ. ഗോപകുമാർ, ഹെഡ്ക്ലാർക്ക് സിറാജ് എന്നിവർക്ക് നേരെ ഏതാനും ദിവസം മുമ്പ് വധഭീഷണിയും കൈയേറ്റവും ഉണ്ടായി. ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അയിരൂർ പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അനധികൃത നിർമ്മാണം നടത്തിയവർക്കെതിരെയും പൊലീസിനെതിരെയും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. അതിനു മുന്നോടിയായി മുഖ്യമന്ത്രി,​ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, വൈദ്യുതി വകുപ്പ് മന്ത്രി, കെ.എസ്.ഇ.ബി ചീഫ് എൻജിനിയർ, ഡി.ജി.പി എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്. കുമാർ, സ്റ്റാൻഡിംഗ്കമ്മിറ്റി അദ്ധ്യക്ഷരായ വി. സതീശൻ, ഹർഷദ് സാബു, ബിന്ദു, മെമ്പർമാരായ നസീഫ്, റിയാസ് വഹാബ് തുടങ്ങിയവർ സംസാരിച്ചു.