ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ്‌കരണ പദ്ധതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരാൾക്കെതിരെ കേസെടുത്തു. ആലംകോട് ചെഞ്ചേരിക്കോണം യൂസഫ് മൻസിലിൽ അഷറഫിനെതിരെ നഗരസഭാ ഭരണസമിതിയുടെ പരാതിയിലാണ് നടപടി.
റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ഹെൽത്ത് വിഭാഗം ജീവനക്കാർ പരിശോധന നടത്തുന്നതിന്റെ വീഡിയോ എടുത്ത് ഒരു ഓൺലൈൻ വാർത്താ ചാനലിനെ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകുകയായിരുന്നു. ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ മാലിന്യങ്ങൾ നിക്ഷേപിച്ചശേഷം ഫൈൻ ഈടാക്കുന്നെന്ന രീതിയിലാണ് വാർത്ത പ്രചരിപ്പിച്ചത്.
ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനും നഗരസഭയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസെടുത്തത്. തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്‌ത ഓൺലൈൻ ചാനലിനെതിരെയും നിയമനടപടി ആരംഭിച്ചതായി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി പറഞ്ഞു.