
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിക്കാൻ ഗുണഭോക്താവിൽ നിന്ന് കോൺഗ്രസ് കൗൺസിലർ കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപണം. കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്‌പത്തിനെതിരെയാണ് വാർഡിലെ ഗുണഭോക്തൃപട്ടികയിലെ ഒന്നാം പേരുകാരിയായ കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യ പരാതിയുമായെത്തിയത്.
കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ അടക്കമാണ് ആരോപണം. കൗൺസിലർക്കും പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കുമെതിരെ കെ.പി.സി.സിക്കും ഡി.സി.സിക്കും ഐ.എൻ.ടി.യു.സി ഹെഡ്‌ലോഡ് യൂണിയൻ തൊഴിലാളിയായ ഭർത്താവും ഭാര്യയും പരാതി നൽകി.
ശബ്ദരേഖയിലെ വാക്കുകൾ: ' നിങ്ങളുടെ പേരിട്ടത് പാർട്ടി തീരുമാനിച്ചാണ്. ഇന്നുവന്ന അഞ്ച് പേരെയും ഗുണഭോക്താവായി ഇട്ടത് ഈ നേതാക്കൾ ഒന്നിച്ചിരുന്ന് തീരുമാനിച്ചാണ്. അതനുസരിച്ചാണ് ഞാൻ എഴുതിയത്. എന്റെ ഒറ്റ തീരുമാനല്ല. പാർട്ടിക്കാരെ വിളിച്ചിരുത്തി അവർ പറയുന്നവർക്കാണ് ആനുകൂല്യം കൊടുക്കുന്നത്. ആറുലക്ഷം കിട്ടുമ്പോൾ കമ്മിഷൻ തരുന്ന 25,000 വലിയ തുകയാണോ".
കോർപ്പപറേഷന്റെ 'മണ്ണും വീടും' പദ്ധതിയിൽ ഉൾപ്പെട്ട കുന്നുകുഴി വാർഡിലെ ഗുണഭോക്താക്കളാണ് പരാതിക്കാർ. ശ്രീകാര്യം എൻജിനിയറിംഗ് കോളേജിന് സമീപത്ത് മൂന്നുസെന്റ് സ്ഥലം ഇവർ കണ്ടെത്തിയ കാര്യം കോർപ്പറേഷനെയും കൗൺസിലറെയെും അറിയിച്ചു. കുന്നുകുഴി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കുന്നുകുഴി വാർഡ് പ്രസിഡന്റ് എന്നിവരോടും ഇക്കാര്യം പറഞ്ഞിരുന്നു. കൗൺസിലറും സംഘവും മറ്റൊരിടത്ത് സ്ഥലം വാങ്ങാൻ ആവശ്യപ്പെട്ടത് നിരസിച്ചതോടെ കുടുംബം കണ്ടെത്തിയ സ്ഥലത്തിനായി ശുപാർശക്കത്ത് നൽകാൻ 25,000 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം.
സി.പി.എം മാർച്ച് നടത്തി
മേരി പുഷ്‌പത്തിന്റെ രാജി ആവശ്യപ്പെട്ട് അവരുടെ വീട്ടിലേക്ക് സി.പി.എം മാർച്ച് നടത്തി. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഐ.പി. ബിനു ഉദ്ഘാടനം ചെയ്‌തു. എസ്.എഫ്.ഐ പാളയം ഏരിയ സെക്രട്ടറി എ. അഭിലാഷ് ഉൾപ്പെടെയുള്ളവർ സംസാരിച്ചു.
ശബ്ദരേഖ കെട്ടിച്ചമച്ചത്, നിയമ
നടപടിയെടുക്കും: മേരി പുഷ്പം
ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ശബ്ദരേഖ കെട്ടിച്ചമച്ചതാണ്. പാർട്ടിയുമായി ആലോചിച്ച് നിയമനടപടി സ്ഥീകരിക്കും. രാഷ്ട്രീയം നോക്കിയല്ല ജനസേവനം നടത്തുന്നത്. വരുന്നവരോട് സ്ഥലം ലഭിക്കുന്ന പ്രദേശം പറഞ്ഞുകൊടുക്കാറുണ്ടെങ്കിലും ആരോടും വാങ്ങാൻ നിർബന്ധം പിടിക്കാറില്ല.