ponvila

പാറശാല: അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലുകളെ തുടർന്ന് കുടിവെള്ളം മുടങ്ങുന്നത് മൂലം പ്രതിസന്ധിയിലാകുന്ന പാറശാലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇനിയും മാസങ്ങളോളം കാത്തിരിക്കേണ്ടതായി വരും.

പാറശാലയിലെയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി നൂറ് കോടിയിലേറെ രൂപ ചെലവാക്കി നടപ്പിലാക്കുന്ന കാളിപ്പാറ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞെങ്കിലും പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന പ്രയോജനം ഉറപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

പാറശാലയുടെ കുടിവെള്ള ക്ഷാമത്തിനും ഇതുതന്നെയാണ്'കാരണം. കാളിപ്പാറ പദ്ധതി പ്രകാരം സ്ഥാപിച്ച പൈപ്പ് ലൈൻ വഴി എത്തുന്ന വെള്ളം പാറശാല ചെങ്കൽ പഞ്ചായത്തുകളുടെ അതിർത്തി മേഖലയായ പൊൻവിള വരെ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അത് പാറശാലയിലെ ജനങ്ങൾക്ക് ലഭിക്കുന്നതിനായുള്ള നടപടികൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. അതുകാരണം പദ്ധതികൾ പലതും നടപ്പാക്കിയിട്ടും പാറശാലയിലെ കുടിവെള്ളക്ഷാമം ഇന്നും കീറാമുട്ടിയായി തന്നെ നിൽക്കുന്നു.

പൈപ്പ് പൊട്ടൽ മുറപോലെ

കഴിഞ്ഞ അൻപത് വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയ പാറശാലയിലെ കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന ഗാർഹിക ഉപഭോക്താക്കളുടെ എണ്ണം 2000നിന്ന് 6000 ലേക്ക് വർദ്ധിച്ചിട്ടുണ്ടെങ്കിലും കാലപ്പഴക്കത്തിനും നിലവാരക്കുറവിനും പുറമെ താങ്ങാവുന്നതിലേറെ ഉപഭോക്താക്കൾ കൂടിയായപ്പോൾ പൈപ്പ് പൊട്ടൽ എന്നത് ദിനംപ്രതിയായി. ഉപഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധനയും ദിനംപ്രതിയുള്ള പൈപ്പ് പൊട്ടലും പാറശാലയിൽ പൈപ്പിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരെ അക്ഷരാർത്ഥത്തിൽ വട്ടം കറക്കുന്നു. മാത്രമല്ല പല ഉയർന്ന പ്രദേശങ്ങളിലും ആഴ്‌ചകളോളം കുടിവെള്ളം എത്താറില്ല. എങ്കിലും പൊട്ടിയ പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട്'പോകുകയല്ലാതെ സ്ഥായിയായ പരിഹാരത്തിനായി നടപടി സ്വീകരിക്കുന്നില്ല.

നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും പാറശാല പഞ്ചായത്തിലെ അയ്ങ്കാമം, വന്യക്കോട്, ചെറുവാരക്കോണം വാർഡുകളിൽ കുടിവെള്ളം എത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കിണർ വെള്ളത്തെ ആശ്രയിച്ചാണ് ഇവിടത്തെ ജനങ്ങൾ കഴിയുന്നത്.

പരിഹാരം വേണം

പാറശാലയിൽ പൊൻവിള വരെ എത്തി നിൽക്കുന്ന കാളിപ്പാറ കുടിവെള്ള പദ്ധതിയിലെ പൈപ്പ് ലൈൻ പാറശാലയിലെ വാട്ടർ ടാങ്കിലേക്ക് എത്തിക്കുകയാണ് കുടിവെള്ള ക്ഷാമത്തിനുള്ള ശാശ്വത പരിഹാരം. അതിനായി പൊൻവിളയിൽ വാട്ടർ ടാങ്ക് സ്ഥാപിച്ച ശേഷം അതിൽ നിന്നുള്ള വെള്ളം പാറശാലയിൽ ടാങ്കിൽ എത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകളും സ്ഥാപിക്കമെന്നതാണ് നാട്ടുകാരുടെ ആവശ്യം.