
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തിൽ മദ്യപാനിയായ മകന്റെ ശല്യം കാരണം മാതാപിതാക്കൾ തീകൊളുത്തി ആത്മഹത്യ ചെയ്തു. ശുചീന്ദ്രം, സിയോൺപുരം ഗ്രാമം സ്വദേശി സെൽവ ജയസിംഗ് (68), ഭാര്യ തങ്കം (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ദമ്പതികൾക്ക് സതീഷ്, യേശു ജെബിൻ എന്നീ രണ്ട് മക്കളാണുള്ളത്. ഇതിൽ മൂത്തമകൻ സതീഷ് വിവാഹശേഷം വീടിനടുത്തായിട്ടാണ് താമസിച്ചിരുന്നത്.
ഇളയ മകൻ യേശു ജെബിൻ മാതാപിതാക്കൾക്കൊപ്പവുമായിരുന്നു. മരിച്ച സെൽവ ജയസിംഗ് മൂന്ന് വർഷമായി രോഗം ബാധിച്ച് കിടപ്പിലായിരുന്നു. ദിവസവും മദ്യപിച്ചെത്തുന്ന യേശു ജെബിൻ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നലെ പുലർച്ചെ തങ്കം, സതീഷിന്റെ ഫോണിൽ വിളിച്ച് യേശു ജെബിന്റെ ശല്യം കാരണം തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നതായി പറഞ്ഞു.
സതീഷ് പിറ്റേന്ന് രാവിലെ വന്ന് അനുജനോട് സംസാരിക്കാമെന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു.
എന്നാൽ പുലർച്ചെ 3ന് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് രണ്ടുപേരും തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് യേശു ജെബിനും അയൽക്കാരും വാതിൽ തകർത്തുള്ളിൽ കടന്നപ്പോഴോക്കും ഇവരും പൊള്ളലേറ്റ് മരിച്ചിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ശുചീന്ദ്രം പൊലീസ് മൃതദേഹങ്ങൾ കൈപ്പറ്റി പോസ്റ്റ്മോർട്ടത്തിനായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ശുചീന്ദ്രം പൊലീസ് അന്വേഷണം ആരംഭിച്ചു.