cabinet

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി ഓർഡിനൻസ് അംഗീകരിച്ച മന്ത്രിസഭായോഗത്തിൽ, ഇക്കാര്യം ബില്ലായി നിയമസഭയിൽ കൊണ്ടുവരുന്നതിന് മുമ്പ് വിശദ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടർന്നാണ് അന്ന് മന്ത്രിസഭായോഗത്തിൽ എതിർപ്പൊന്നും കൂടാതെ ഇതംഗീകരിച്ചത്.

ഓർഡിനൻസിൽ ഗവർണർ ഒപ്പിടുകയും അംഗീകാരമാവുകയും വിജ്ഞാപനമിറങ്ങുകയും ചെയ്തതോടെ, വിവാദം അടഞ്ഞ അദ്ധ്യായമെന്ന നിലപാടിലാണ് സി.പി.എം. നിയമസഭാ സമ്മേളനം ചേരാനിരിക്കെ ഓർഡിനൻസ് തിടുക്കപ്പെട്ടിറക്കിയതിലുള്ള അതൃപ്തിയാണ് സി.പി.ഐ ഉയർത്തിയത്. ഓർഡിനൻസ് യാഥാർത്ഥ്യമായ സ്ഥിതിക്ക് ആ വാദത്തിനും പ്രസക്തിയില്ലാതായി. ഇനിയങ്ങോട്ട് നിയമഭേദഗതിയുടെ കാര്യത്തിൽ വരാനിടയുള്ള ചർച്ചകളിൽ പാർട്ടി നിലപാട് കർശനമാക്കുക മാത്രമാണ് സി.പി.ഐക്ക് മുന്നിലുള്ള വഴി. നിയമസഭയിൽ ബില്ലായി കൊണ്ടുവരുമ്പോഴോ ഓർഡിനൻസ് പുനർവിളംബരം ചെയ്യേണ്ടി വരുമ്പോഴോ സി.പി.ഐ വിയോജിപ്പ് വ്യക്തമാക്കും.

ലോകായുക്തയുടെ ഉത്തരവിന്മേൽ ബന്ധപ്പെട്ട അധികാരിയായ ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നീ കേന്ദ്രങ്ങൾക്ക് ഹിയറിംഗ് നടത്തി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന സുപ്രധാന ഭേദഗതി മൂലനിയമത്തിൽ വരുത്തുമ്പോൾ, അതിൽ രാഷ്ട്രീയ സമവായം മുന്നണിയിൽ ഉണ്ടാവേണ്ടതല്ലേയെന്നതാണ് സി.പി.ഐയുടെ ചോദ്യം. മുന്നണിയെയാകെ ഇരുട്ടിൽ നിറുത്തി ഇങ്ങനെയൊരു ഓർഡിനൻസ് പാസാക്കിയതിലാണ് എതിർപ്പ്. ജനുവരി 11നും 19നും ചേർന്ന മന്ത്രിസഭായോഗങ്ങളിൽ ഓർഡിനൻസ് ചർച്ചയ്ക്ക് വന്നതാണ്. ഇതിനിടയിൽ 14ന് കോടിയേരിയും കാനം രാജേന്ദ്രനും തമ്മിൽ നടന്ന ചർച്ചയിലും ഓർഡിനൻസിനെക്കുറിച്ച് മിണ്ടാതിരുന്നതാണ് സി.പി.ഐയെ പ്രകോപിപ്പിച്ചത്. അതേസമയം, സി.പി.എമ്മിനകത്തും വിഷയത്തിൽ കാര്യമായ ചർച്ചകളുണ്ടായില്ലെന്ന സൂചനകളുണ്ട്. മന്ത്രിസഭായോഗത്തിൽ വരും മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും വിഷയം ചർച്ച ചെയ്തിട്ടില്ലെന്നാണറിവ്.

 ബില്ലിന് സാദ്ധ്യത കുറവ്

ഓർഡിനൻസിന് പകരമുള്ള ബിൽ വരുന്ന നിയമസഭാസമ്മേളനത്തിൽ കൊണ്ടുവരാൻ സാദ്ധ്യത കുറവാണ്. എന്നാൽ നിയമസഭാസമ്മേളനം ചേരുന്ന ആദ്യദിവസം തൊട്ട് 42 ദിവസം വരെ മാത്രമേ ഓർഡിനൻസിന് സാധുതയുണ്ടാകൂ. അത് കഴിഞ്ഞാൽ അസാധുവാകും. അപ്പോൾ പുനർവിളംബരം ചെയ്യണം. ആ ഘട്ടത്തിൽ മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർക്ക് പാർട്ടി നിലപാട് വ്യക്തമാക്കേണ്ടിവരും. മന്ത്രിസഭയിൽ സമവായമുണ്ടാകാതിരുന്നാൽ അത് സർക്കാരിന് പ്രതിസന്ധിയാണ്. ഈ സ്ഥിതിക്ക് സി.പി.ഐയെ അനുനയിപ്പിച്ചും, മുഖം രക്ഷിക്കാനുള്ള ഫോർമുല കണ്ടെത്തിയുമുള്ള സമവായ ചർച്ചയ്ക്ക് മുഖ്യമന്ത്രിയും കോടിയേരിയും മുൻകൈയെടുക്കാനാണ് സാദ്ധ്യത.