attukal-temple-

തിരുവനന്തപുരം: ഇന്ന് രാവിലെ 10.50ന് ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്നതോടെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. 17നാണ് പൊങ്കാല. വിശേഷാൽ പൂജകൾക്ക് ശേഷം രണ്ടു കാപ്പുകളിൽ ഒന്ന് മേൽശാന്തിയുടെ കൈയിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടുന്നതാണ് ചടങ്ങ്.

ഒപ്പം ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ട് തുടങ്ങും. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് പാടുന്നത്. ദേവിയെ പാടി കുടിയിരുത്തുന്ന ഭാഗമാണ് ആദ്യദിവസം പാടുന്നത്.

വൈകിട്ട് 6.30ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ ഇന്ദ്രൻസ് നിർവഹിക്കും. 11ന് രാവിലെ കുത്തയോട്ട വ്രതം ആരംഭിക്കും. ഇക്കുറി പണ്ടാര ഓട്ടത്തിനുള്ള ഒരു കുട്ടി മാത്രമാണ് വ്രതം നോൽക്കുന്നത്. കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് 17ന് രാത്രി 7.30 ന് നടത്തും. രാത്രി 10.30 ന് പുറത്തെഴുന്നള്ളത്താരംഭിക്കും. മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത്, പൂജകൾക്ക് ശേഷം അടുത്ത ദിവസം പുലർച്ചെ തിരിച്ചെഴുന്നള്ളും. 18ന് രാത്രി 9.45ന് ദേവിയുടെ കാപ്പഴിക്കും. 19ന് പുലർച്ചയ്ക്ക് ഒന്നിനുള്ള കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.