malayalam

തിരുവനന്തപുരം: മലയാളം മിഷൻ ഡയറക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കടയ്‌ക്ക് ആശംസകൾ നേർന്നുകൊണ്ട് മലയാളം മിഷൻ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്‌റ്റർ പരിഹാസ്യമായി. വിവാദ പോസ്റ്റിൽ മുരുകൻ കാട്ടാക്കട എന്ന പേരിന് പകരം ആർ. മുരുകൻ നായർ എന്നാണ് ചേർത്തത്. ക്ഷണനേരം കൊണ്ട് പോസ്‌റ്റർ ട്രോൾ പേജുകളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും വൈറലായി. കോൺഗ്രസ് നേതാക്കളും പോസ്‌റ്റർ പങ്കുവച്ചു. ഇതോടെ പഴയ പോസ്‌റ്റ് പിൻവലിച്ച് മുരുകൻ കാട്ടാക്കട എന്ന് ചേർത്ത് മലയാളം മിഷൻ തത്‌ക്കാലം തലയൂരി.

അതിനകം ആദ്യ പോസ്‌റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. രണ്ടു പോസ്റ്റുകളും ചേർത്തുള്ള ട്രോളുകളായി പിന്നെ. പോസ്‌റ്റർ മാത്രം മാറ്റിയാൽ പോര,​ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന നായരിസം തലയ്‌ക്കു പിടിച്ച ആളെയും മാറ്റണം,​ അഡ്മിന്റെ സൈക്കോളജിക്കൽ മൂവ് ഏറ്റു, മുരുകൻ കാട്ടാക്കട നായരാണെന്ന് അറിയിച്ച അഡ്‌മിൻ ചേട്ടന്റെ മനസ്സ് കാണാതെപോകരുത് എന്നിങ്ങനെ നിരവധി കമന്റുകൾ പിറകെയെത്തി.

അതേസമയം, സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും തെറ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ അത് മാറ്റിയിട്ടുണ്ടെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു.