
തിരുവനന്തപുരം: ശ്രീകാര്യം തേരുവിളാകത്തെ വാവ സുരേഷിന്റെ ഓലക്കുടിലിലേക്ക് മന്ത്രി വി.എൻ. വാസവൻ ഇന്നലെ എത്തിയപ്പോൾ കണ്ടത് വാവയ്ക്ക് കിട്ടിയ, മുറികൾ നിറയെ കുന്നുകൂട്ടിയിട്ട ആയിരക്കണക്കിന് പുരസ്കാരങ്ങളും ട്രോഫികളും. ക്ലാവ് പിടിച്ചു നിറം മങ്ങിയ ഈ സമ്മാനങ്ങൾപോലെ ഓലക്കുടിലിൽ പരാതികളില്ലാതെ ജീവിതം തള്ളിനീക്കുന്ന വാവയുടെ കുടുംബത്തിന് പുതിയ വീടെന്ന വാഗ്ദാനവുമായാണ് മന്ത്രി എത്തിയത്. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള അഭയം ചാരിറ്റബിൾ സൊസൈറ്റിയാണ് വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്‌ദാനം ചെയ്തത്. ഇതേക്കുറിച്ച് സംസാരിക്കാനും സ്ഥലം കാണാനുമാണ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയ്ക്കൊപ്പം മന്ത്രി എത്തിയത്.
വാവയുടെ സഹോദരൻ സത്യദേവൻ, മാതാവ് കൃഷ്ണമ്മ, പിതാവ് ബാഹുലേയൻ എന്നിവർ അവിടെ ഉണ്ടായിരുന്നു. സഹോദരി ലാലി നിറകണ്ണുകളോടെ മന്ത്രിയുടെ കാൽതൊട്ടു വന്ദിച്ചു. വാവയ്ക്ക് മുന്നിൽ ദൈവമായാണ് സാർ അവതരിച്ചത്, അതുകൊണ്ടാണ് ഞങ്ങളുടെ വാവയെ ഞങ്ങൾക്ക് തിരികെ കിട്ടിയത്- ലാലി പറഞ്ഞു. ഒരു പൊതുപ്രവർത്തകന്റെ ധർമ്മമായിട്ടുമാത്രമേ താനിതിനെ കാണുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു. തനിക്ക് കിട്ടുന്ന സംഭാവനകൾ മുഴുവൻ പാവപ്പെട്ടവർക്കും അനാഥാലയത്തിലും നൽകുന്ന വാവ സുരേഷിന് അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിനാണ് ഈ ശ്രമം. ഏറ്റവും വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ശ്രീകാര്യത്തെ വീട്ടിലേക്ക് പോകുന്നതിന് മുൻപ് മന്ത്രിയും എം.എൽ.എയും വാവ സുരേഷ് വിശ്രമിക്കുന്ന മെഡിക്കൽ കോളേജിനടുത്തെ ലോഡ്ജിലും എത്തിയിരുന്നു. വീടിന്റെ പ്ലാൻ തയ്യാറാക്കാൻ എൻജിനിയർമാർ ഉടൻ എത്തുമെന്നും അപ്പോൾ എന്തൊക്കെ സൗകര്യങ്ങളാണ് വീട്ടിൽ ഉണ്ടാകേണ്ടതെന്നാണ് ആഗ്രഹിക്കുന്നതെന്ന് അവരോട് പറഞ്ഞാൽ അതനുസരിച്ചാകും നിർമ്മിക്കുകയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യം നന്നായി സൂക്ഷിക്കണമെന്നും ചികിത്സ പൂർത്തിയാക്കിയശേഷം മാത്രം സേവനത്തിന് ഇറങ്ങിയാൽ മതിയെന്നും വാവയോട് മന്ത്രി പറഞ്ഞു.
'ഫോറസ്റ്റുകാർക്ക്
വാവയോട് കുശുമ്പ്'
നിരവധി പേരുടെ ഭീതിയകറ്റാനായി യാതൊരു ലാഭേച്ഛയുമില്ലാതെ സാമൂഹ്യസേവന രംഗത്ത് സജീവമായി നിൽക്കുന്ന വാവ സുരേഷിനെതിരെ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ നടത്തുന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വാവയോടുള്ള കുശുമ്പാണ് ഇത്തരം പ്രചാരണത്തിന് പിന്നിൽ. വാവയെ പാമ്പ് പിടിക്കാൻ വിളിക്കരുത് എന്നു പറയുന്നതിന്റെ കാരണം ഇതാണ്. പാമ്പിനെ പിടിക്കാൻ വനം വകുപ്പുകാരെ വിളിച്ചാൽ പലപ്പോഴും വരാറില്ല. എത്രദൂരെയാണെങ്കിലും വാവ സുരേഷ് അവിടെ എത്തും. സുരേഷ് പിടികൂടുന്ന പാമ്പുകളെ കാട്ടിൽ കൊണ്ടുവിടുകയാണ് ചെയ്യുന്നത്. ഫോറസ്റ്റുകാർ പിടിക്കുന്നവ കാട്ടിൽ കൊണ്ടുവിടുന്നു എന്ന് എന്താണ് ഉറപ്പ്. ഒരാൾ നന്മ ചെയ്യുമ്പോൾ എന്തിനാണ് അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും മന്ത്രി ചോദിച്ചു.