
കലാപരിപാടികൾ നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്യും
കിഴക്കേകോട്ടയിൽ നിന്ന് പ്രത്യേക ബസ് സർവീസുകൾ
തിരുവനന്തപുരം: സർവ മംഗളകാരിണിയായ ആറ്റുകാലമ്മ അനുഗ്രഹവർഷം ചൊരിയുന്ന ഉത്സവനാളുകൾക്ക് ഇന്ന് തുടക്കമാകുന്നതോടെ ക്ഷേത്രവും പരിസരവും ദേവീനാമത്താൽ മുഖരിതമാകും. പൊങ്കാല ഉത്സവത്തിന് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയത് ഭക്തർക്ക് ആശ്വാസമായിട്ടുണ്ട്. ഇത്തവണ പതിവിൽ കൂടുതൽ പേർ എത്തിയാലും കൊവിഡ് മാനദണ്ഡം പാലിച്ച് ദേവിയുടെ ദർശനം നടത്തുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ബി.അനിൽകുമാർ അറിയിച്ചു. മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.ഒരു വരിയിലൂടെ ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടും.അകത്ത് തിരക്കുണ്ടാകാതെ ശ്രദ്ധിക്കും.പൊലീസ്,ആരോഗ്യവകുപ്പ്,വാട്ടർ അതോറിട്ടി,നഗരസഭ,കെ.എസ്.ആർ.ടി.സി, വൈദ്യുതി ബോർഡ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഭക്തരുടെ സൗകര്യത്തിനുണ്ടാകും. പാർക്കിംഗിനുള്ള ക്രമീകരണങ്ങളും വിപുലപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി കെ.ശിശുപാലൻനായർ പറഞ്ഞു. കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ കിഴക്കേകോട്ടയിൽ നിന്ന് നടത്തും. കലാപരിപാടികളുടെ ഉദ്ഘാടനം നടൻ ഇന്ദ്രൻസ് ഇന്ന് വൈകിട്ട് 6.30ന് നിർവഹിക്കും. വലിയ തിരക്ക് ഒഴിവാക്കണമെന്ന നിർദ്ദേശം പാലിക്കുന്നതിനുവേണ്ടി കലാപരിപാടികൾ ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്ന സൂപ്പർതാരം മോഹൻലാൽ അതിൽ നിന്ന് പിൻവാങ്ങിയിരുന്നു. മോഹൻലാലിന് ഇത്തവണത്തെ അംബാ പുരസ്കാരം നൽകാനായിരുന്നു ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം. ലാൽ പിൻവാങ്ങിയതിനാൽ പുരസ്കാരദാനം ഇത്തവണ ഉണ്ടാകില്ല.ലാലിന്റെ അഭാവത്തിൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യണമെന്ന് നടൻ ഇന്ദ്രൻസിനോട് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിക്കുകയായിരുന്നു.