തിരുവനന്തപുരം: കൊവിഡ് മൂന്നാംതരംഗ ഭീതിയും അകന്നുതുടങ്ങിയതോടെ ജനജീവിതം സാധാരണനിലയിലേക്ക് നീങ്ങിത്തുടങ്ങി. സംസ്ഥാനത്തെ സ്കൂളുകളുകളും കോളേജുകളും സജീവമാവുകയാണ്. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ അദ്ധ്യയനം 14 ന് പുനരാരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ, രാവിലെ മുതൽ വൈകിട്ടുവരെ എല്ലാ ക്ലാസുകളും സാധാരണ നിലയിൽ പ്രവർത്തിക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിക്കാനും, ആറ്റുകാൽ പൊങ്കാല ഉൾപ്പെടെയുള്ള മതാഘോഷ, ആചാര ചടങ്ങുകളിലും ഉത്സവങ്ങളിലും പങ്കെടുക്കാൻ കൂടുതൽ പേർക്ക് അനുമതി നൽകാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് സി വിഭാഗത്തിൽ ഒരു ജില്ലയുമില്ലാത്തതിനാൽ സിനിമാ തിയേറ്ററുകൾക്കും പ്രവർത്തന നിയന്ത്രണമില്ല. എന്നാൽ, ജില്ലകളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചുളള നിയന്ത്രണം തുടരും.

. കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മാർച്ച് 23നാണ് സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും അടച്ചത്. 2020 ജൂൺ 5ന് ഒാൺലൈൻ ക്ളാസുകൾ തുടങ്ങി. 2021 നവംബറിലാണ് സ്കൂളുകൾ തുറന്നത്. കർശന നിയന്ത്രണങ്ങളോടെ ആഴ്ചയിൽ രണ്ടോ,മൂന്നോ ദിവസങ്ങളിൽ പകുതിയിൽ താഴെ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തിയായിരുന്നു ക്ളാസുകൾ.കൊവിഡ് മൂന്നാം തരംഗം തുടങ്ങിയതോടെ 2022 ജനുവരി 21മുതൽ വീണ്ടും സ്കൂളുകളും കോളേജുകളും അടച്ച് ക്ളാസുകൾ ഒാൺലൈനാക്കി. കൊവിഡ് കുറഞ്ഞതോടെ ഫെബ്രുവരി 7 മുതൽ കോളേജ് അദ്ധ്യയനവും ,സ്കൂളുകളിൽ 10,11,12 ക്ളാസുകളും പുനരാരംഭിച്ചു. ഈ മാസം

അവസാനത്തോടെ ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകൾ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയും, നഗരങ്ങളിൽ രാവിലെ 9.30മുതൽ വൈകിട്ട് 3.30വരെയുമായിരിക്കും .ഹയർ സെക്കൻഡറിയിൽ ഒരു മണിക്കൂർ അധിക ക്ളാസുകളുണ്ടാകും.

പോസ്റ്റ് കൊവിഡ്

ക്ളിനിക്കുകൾ

കൊവിഡാനന്തര രോഗ വിവരങ്ങൾ രേഖപ്പെടുത്താൻ പോസ്റ്റ് കൊവിഡ് രജിസ്ട്രി ആരംഭിക്കും. പോസ്റ്റ് കൊവിഡ് ക്ളിനിക്കുകളിൽ നോഡൽ ഒാഫീസർമാരെ നിയോഗിച്ചു. ജില്ലകളിൽ മേൽനോട്ടത്തിന് ഡെപ്യൂട്ടി ഡി.എം.ഒയെയും ചുമതലപ്പെടുത്തി. മെഡിക്കൽ കോളേജ് ആശുപത്രികളിൽ കൊവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവർ സമയത്തിനെത്താത്ത പ്രശ്നം പരിഹരിക്കും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ സീനിയർ ഡോക്ടർമാർ കൂടി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചില സ്വകാര്യആശുപത്രികൾ അനാവശ്യമായി മോണോക്ലോണൽ ആന്റിബോഡി ചികിത്സ നടത്തുന്നതിനെതിരെ

സർക്കാർ നടപടിയെടുക്കും..

ചടങ്ങുകളിൽ

കൂടുതൽ പേർ

ആറ്റുകാൽ പൊങ്കാല, ആലുവ ശിവരാത്രി,മാരാമൺ കൺവെൻഷൻ തുടങ്ങിയ ചടങ്ങുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ പേർ പങ്കെടുക്കുന്നത് പരിശോധിക്കും.വടക്കേ മലബാറിൽ ഉത്സവങ്ങളിലും കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കും.കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളായി നിലച്ചിരുന്ന ആഘോഷങ്ങളാണ് നിയന്ത്രങ്ങളോടെയാണെങ്കിലും പുനരാരംഭിക്കുന്നത്.