cc

 രേഖാചിത്രം പുറത്തുവിട്ടു  അന്വേഷണത്തിന് സ്‌പെഷ്യൽ ടീം

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി വിനിതയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സി.സി ടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി അന്വേഷണം. വിനിത കൊല്ലപ്പെട്ട സമയം സ്ഥലത്ത് യുവാവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്.

കൊലപാതകം നടന്നതായി കണക്കാക്കുന്ന ഞായറാഴ്ച രാവിലെ 11ഓടെ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിന് സമീപത്തേക്ക് യുവാവ് നടന്നുപോകുന്നതും 11.20ഓടെ തിരികെപ്പോകുന്നതുമായ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ സമയത്തിനിടെ അതുവഴി കടന്നുപോയ മറ്റ് പലരെയും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് തിരിച്ചറിയുകയും നിരീക്ഷണത്തിലാക്കുകയും ചെയ്‌തെങ്കിലും തൊപ്പിയും മാസ്‌കും ധരിച്ച് ഫുൾസ്ളീവ് ഷർട്ടും പാന്റുമിട്ട യുവാവിനെ മാത്രം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

പേരൂർക്കടയിലോ പരിസരപ്രദേശത്തോ യുവാവിനെ മുമ്പ് കണ്ടതായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സംഭവശേഷം അമ്പലമുക്ക് സാന്ത്വന ജംഗ്ഷനിൽ നിന്ന് ഓട്ടോയിൽ കയറി മുട്ടടയിൽ ഇറങ്ങിയതായി പൊലീസ് കണ്ടെത്തി. ഓട്ടോഡ്രൈവറെ കണ്ടെത്തി ഇക്കാര്യം സ്ഥിരീകരിച്ച പൊലീസ് ഇയാളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകാനാണ് ഓട്ടോയിൽ കയറിയതെങ്കിലും മുട്ടടയിൽ ഇറങ്ങുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. മുട്ടടയിൽ ഇറങ്ങിയ യുവാവ് ചെറുകോട്ട് ലൈനിലൂടെ ആലപ്പുറം കുളത്തിനുസമീപത്തെ വിജനമായ സ്ഥലംവരെ വന്ന് തിരികെ

അതുവഴി വന്ന ബൈക്കിൽകയറി പോയതായി പലരും കണ്ടിട്ടുണ്ട്. രക്തക്കറ പുരണ്ട വസത്രങ്ങൾ മാറ്റാൻ വന്നതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുളത്തിനുസമീപം വ്യാപകമായ പരിശോധന നടത്തി. പ്രദേശവാസികളായ പലരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഇയാളുടെ സംസാരത്തിൽ നിന്ന് മലയാളിയല്ലെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെല്ലാം യുവാവിന്റെ ഫോട്ടോയുമായി പൊലീസ് പരിശോധന ആരംഭിച്ചു.

നിർമ്മാണം നടക്കുന്ന മേഖലകൾ,​ ബസ് സ്റ്റാൻഡ്,​ റെയിൽവേ സ്റ്റേഷൻ,​ ഓട്ടോ,​ ടാക്സി സ്റ്റാന്റുകൾ എന്നിവിടങ്ങളിലും അന്വേഷണം നടത്തി. ദൃശ്യങ്ങളിൽ കണ്ട യുവാവിനെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാത്ത പൊലീസ് പേരൂർക്കട കേന്ദ്രീകരിച്ച് പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്.

വീടുവീടാന്തരം കയറി പ്രതിയെപ്പറ്റി അന്വേഷിക്കുന്ന പൊലീസ് ഇയാളോട് സാമ്യമുള്ള ആളുകളുടെ വിവരങ്ങളും തേടുന്നുണ്ട്. അലങ്കാരച്ചെടി വില്പന കേന്ദ്രത്തെക്കുറിച്ചും വിനിത അവിടെ തനിച്ചാണെന്ന വിവരവും കൊലയാളിയായ യുവാവ് എങ്ങനെ മനസിലാക്കിയെന്നതും പൊലീസിന്റെ തലപുകയ്ക്കുന്ന ചോദ്യമാണ്. യാദൃച്ഛികമായി നടത്തിയ കൊലപാതകമായി പൊലീസ് ഇതിനെ കാണുന്നില്ല.

കവർച്ചയ്ക്കോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിനോ ആയി നടത്തിയ കൊലപാതകമായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. പ്രതിയെ തിരിച്ചറിയുകയാണ് പൊലീസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കമ്മിഷണ‌ർ സ്‌പർജൻകുമാർ കേരളകൗമുദിയോട് പറഞ്ഞു. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ കന്റോൺമെന്റ്,​ കൺട്രോൾ റൂം അസി.കമ്മിഷണർമാരും പേരൂർക്കട,​ മണ്ണന്തല സി.ഐമാരും കമ്മിഷണറുടെ ഷാഡോ ടീം അംഗങ്ങളുമുൾപ്പെട്ട പ്രത്യേക സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ അലങ്കാരച്ചെടി വില്പനകേന്ദ്രത്തിൽ ചെടികൾക്കിടയിലാണ് വിനിതയുടെ മൃതദേഹം കണ്ടെത്തിയത്.