
തിരുവനന്തപുരം: ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ സ്പേയ്സ് പാർക്കിലെ ജോലിക്കായി സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്ന കേസിൽ അന്വേഷണത്തിന് പൊലീസ് മഹാരാഷ്ട്രയിലേക്ക്. ഹാജരാക്കിയ ബി. കോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാഷ്ട്റയിലെ ഡോ.ബാബാസാഹിബ് അംബേദ്കർ സർവകലാശാല നേരത്തേ അറിയിച്ചിരുന്നു. ഈ മാസം തന്നെ അവിടെയെത്തി രജിസ്ട്രാറുടെ മൊഴി രേഖപ്പെടുത്താനാണ് കന്റോൺമെന്റ് പൊലീസിന്റെ തീരുമാനം. കേസ് വിജിലൻസിനു കൈമാറണമെന്ന് ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റ ആഭ്യന്തരവകുപ്പിന് കത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ല.
കേരള ഐ.ടി ഇൻഫ്രാ സ്‌ട്രെക്ച്ചർ ലിമിറ്റഡ് (കെ.എസ്.ഐ.ടി.എൽ) എം.ഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, പണം തട്ടൽ എന്നീ വകുപ്പുകളാണ് സ്വപ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ സ്വപ്നയുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. സ്വപ്നയെ നിയമിച്ച പി.ഡബ്ല്യു.സിയെ രണ്ടാം പ്റതിയും സ്വപ്നയെ തിരഞ്ഞെടുത്ത വിഷൻ ടെക്‌നോളജിയെ മൂന്നാം പ്റതിയാക്കിയുമാണ് കേസെടുത്തത്. സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് പഞ്ചാബിലെ ദേവ് എജ്യുക്കേഷൻ ട്റസ്റ്റ് എന്ന സ്ഥാപനമാണെന്നും ഇവരുടെ ഉപസ്ഥാപനമായ തൈക്കാട്ടെ ഏജൻസിയുടെ നടത്തിപ്പുകാരും കേസിൽ പ്രതിയാകുമെന്നും പൊലീസ് പറഞ്ഞു. ഈ സ്ഥാപനം പൂട്ടിപ്പോയി.
അതേസമയം, നിയമനം നൽകിയ ഐ.ടി ഇൻഫാസ്ട്രക്‌ചർ ലിമിറ്റഡ് എം.ഡി ജയശങ്കർ പ്രസാദിനെതിരെയും ശുപാർശ ചെയ്ത എം. ശിവശങ്കറിനെതിരെയും പൊലീസ് അന്വേഷണം നടത്തുന്നില്ല. നിയമനം ലഭിക്കാൻ ശിവശങ്കർ ഇടപെട്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപയാണ് സ്വപ്നയുടെ സേവനത്തിന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് നൽകിയത്.