covid

 ഡോക്ടർമാർക്ക് അതൃപ്തി

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തിയതിൽ ഇരട്ടിപ്പുണ്ടായെന്ന് ചൂണ്ടിക്കാട്ടി അഞ്ചു ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡേ കാരണം കാണിക്കൽ നോട്ടീസ് നൽകി. കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ഡി.എം.ഒമാർക്കാണ് മെമ്മോ നൽകിയത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇപ്പോൾ ഇവരിൽ ചിലർ മറ്റു ചുമതലകളിലാണ്. 2020 ജനുവരി 30 മുതൽ 2021 ജൂൺ 17 വരെയുള്ള കാലയളവിൽ ഈ ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 527 എണ്ണം ഇരട്ടിപ്പാണെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ ഓഫീസ് കണ്ടെത്തിയത്. മരണസംഖ്യയിൽ വർദ്ധനവുണ്ടാകുന്നതിന് ഇത് കാരണമായി. ഇക്കാലയളവിൽ ഉണ്ടായത് 3252 മരണങ്ങളാണെങ്കിലും 3779 ആയി രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഡോക്ടർമാർ കടുത്ത അതൃപ്തിയിലാണ്. ചെറിയ പിഴവിന് മെമ്മോ നൽകിയത് അംഗീകരിക്കാനാകില്ലെന്നാണ് ‌‌ഡോക്ടർമാരുടെ നിലപാട്. മരണങ്ങൾ കൂട്ടത്തോടെ രേഖപ്പെടുത്തേണ്ടിവന്നപ്പോഴുണ്ടായ സ്വാഭാവികമായ പിഴവ് മാത്രമാണെന്നും അത് പർവതീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഡോക്ടർമാർ പറയുന്നു.