
നെടുമങ്ങാട്:അദ്ധ്യാപന കാലയളവിനിടയിൽ ഉഴമലയ്‌ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിനെ പൊതുജനാംഗീകാരത്തിന്റെ ഉന്നതിയിലെത്തിച്ച ബി.സജീവിന്റെ വിയോഗം വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും തീരാദുഃഖമായി. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന സ്‌കൂളിൽ എസ്.എസ്.എൽ.സിക്ക് മലയാളം മീഡിയത്തിൽ 98 ശതമാനം വിജയവും ഇംഗ്ലീഷ് മീഡിയത്തിൽ 100 ശതമാനവുമായി നേടാൻ കഴിഞ്ഞതിനുപിന്നിൽ നാട്ടുകാർ സജി സാർ എന്നു വിളിക്കുന്ന ബി.സജീവിന്റെ പ്രവർത്തനം ഒന്നുകൊണ്ടു മാത്രമാണെന്ന് നാട്ടുകാരും അദ്ധ്യാപകരും പറയുന്നു. എയ്ഡ്‌സ് സ്‌കൂളുകളിൽ വിജയശതമാനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത് ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിനെ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രഥമാദ്ധ്യാപകനായി അദ്ദേഹം ചാർജ്ജ് എടുക്കുമ്പോൾ 40 ഡിവിഷനുകൾ മാത്രമുണ്ടായിരുന്ന സ്‌കൂളിൽ അഞ്ചുവർഷത്തിനിടെയുണ്ടായ കുട്ടികളുടെ വർദ്ധന കാരണം 20 ഡിവിഷനുകളാണ് കൂടിയത്.1600 വിദ്യാർത്ഥികളുണ്ടായിരുന്ന സ്‌കൂളിൽ 2300 കുട്ടികൾ പഠിക്കാനെത്തി.കുട്ടികൾ ഭയപ്പാടോടെ കാണുമ്പോഴും അദ്ദേഹം പഠിപ്പിച്ചിരുന്ന ഫിസിക്സ് ക്‌ളാസിൽ ഒരു പ്രാവശ്യം പഠിപ്പിക്കുന്ന കാര്യങ്ങൾ മറന്നുപോകാതെ ഉത്തരമെഴുതാൻ കുട്ടികൾക്ക് കഴിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വേറിട്ട അദ്ധ്യാപന ശൈലി ഒന്നുകൊണ്ടു മാത്രമായിരുന്നു.ആയിരക്കണക്കിന് ശിഷ്യസമ്പത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ജില്ലാതല ശാസ്ത്രമേള,സബ് ജില്ലാതല യുവജനോത്സവം എന്നിവ സ്‌കൂളിൽ കുറ്റമറ്റ നിലയിൽ സംഘടിപ്പിക്കുകയും അത് കാണാൻ സ്‌കൂളിലെ കുട്ടികൾക്ക് അവസരം ഒരുക്കുകയും ചെയ്തതിലൂടെ സ്‌കൂളിലെ വിദ്യാർത്ഥികൾ പഠ്യേതര പ്രവർത്തനത്തിലും മുൻനിരയിലേക്കെത്തി.
രോഗബാധിതനായി ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴും സ്‌കൂളിന്റെ പ്രവർത്തനത്തെക്കുറിച്ചായിരുന്നു അദ്ദേഹം സഹ അദ്ധ്യാപകരോട് അന്വേഷിച്ചിരുന്നത്.ഒരു പുരുഷായുസ് മുഴുവൻ ഉഴമലയ്ക്കൽ സ്‌കൂളിന്റെ ഉന്നതിക്കായി പരിശ്രമിച്ച സജീവ് സാറിന്റെ വിയോഗത്തിൽ വേദനിക്കുകയാണ് അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത്.