
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എയർലൈൻസ് ഉദ്യോഗസ്ഥർ വ്യവസായിയോട് മോശമായി പെരുമാറിയെന്നും യാത്ര മുടക്കിയെന്നും പരാതി. ഷെൻഗൺ വിസയുടെ സാങ്കേതികത അറിയാത്ത ഉദ്യോഗസ്ഥൻ യാത്ര മുടക്കിയെന്നാണ് വ്യവസായിയായ ഷാജി നായരുടെ പരാതി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൃത്യമായ വിശദീകരണം നൽകാതെ തന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജി വിമാനത്താവള അധികൃതർക്ക് പരാതി നൽകി.
ഖത്തർ വഴി ബ്രസ്സൽസിലേക്ക് പോവുന്ന വിമാനത്തിലായിരുന്നു ഷാജിയും ഭാര്യ ലക്ഷ്മിയും ടിക്കറ്റെടുത്തിരുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് പ്രത്യേകം വിസയില്ലാതെ യാത്ര ചെയ്യാനാവുന്ന ഷെൻഗൺ വിസയിൽ നെതർലൻഡ്സിൽ താമസിക്കുന്ന മകളുടെ അടുത്തേക്കായിരുന്നു യാത്ര. രാത്രി 12ന് വിമാനത്താവളത്തിലെത്തി. ടിക്കറ്റ് പരിശോധനയും ഇമിഗ്രേഷനും പൂർത്തിയാക്കി ബോർഡിംഗ് കൗണ്ടറിലെത്തി. ബോർഡിംഗിന് അര മണിക്കൂർ മാത്രം ബാക്കി നിൽക്കെ, ഒരു എയർലൈൻ ഉദ്യോഗസ്ഥനെത്തി പാസ്പോർട്ടുകൾ ആവശ്യപ്പെട്ടു. തുടർന്ന് ഇവരോട് ഇമിഗ്രേഷൻ കൗണ്ടറിലേക്ക് തിരികെപ്പോവാൻ നിർദ്ദേശിച്ചു. ഷെൻഗൺ വിസ സംബന്ധിച്ച് സാങ്കേതികമായ തടസ്സങ്ങളാണ് ഉന്നയിച്ചത്. യാത്ര ചെയ്യാനാവില്ലെന്ന് ആദ്യം പറഞ്ഞു. കാരണം പറഞ്ഞതുമില്ല. ആറുമണിക്കൂർ വിമാനത്താവളത്തിൽ നിന്ന ശേഷം യാത്ര റദ്ദാക്കിയെന്ന് ഔദ്യോഗിക അറിയിപ്പ് നൽകി.
ബെൽജിയത്തിൽ നിന്ന് നെതർലൻഡ്സിലേക്ക് പോവുന്നത് എങ്ങനെയെന്ന രേഖ ഹാജരാക്കാത്തതിനാൽ യാത്ര തടയുന്നെന്നാണ് പിന്നീട് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. രേഖകളെല്ലാം കൈയിലുണ്ടെന്ന് അറിയിച്ചിട്ടും വിമാനക്കമ്പനി ജീവനക്കാർ മറുപടി നൽകിയില്ല. ഒന്നരലക്ഷം രൂപയുടെ ടിക്കറ്റാണ് ഇവർ എടുത്തിരുന്നത്. പരാതി ഖത്തർ എയർവെയ്സിന് കൈമാറിയിട്ടുണ്ടെന്നും വിമാനക്കമ്പനിയുടെ മറുപടി ലഭിച്ചശേഷം തുടർനടപടിയുണ്ടാവുമെന്നും എയർപോർട്ട് അധികൃതർ വിശദീകരിച്ചു.
ഷെൻഗൺ വിസ
യൂറോപ്യൻ രാജ്യങ്ങൾ ചുറ്റിനടന്നു കാണാനാഗ്രഹിക്കുന്നവർക്കുള്ളതാണ് ഷെൻഗൺ വിസ. 90 ദിവസം 29 രാജ്യങ്ങളിൽ താമസിക്കാം, യാത്ര ചെയ്യാം.
ആദ്യം ഏതു രാജ്യത്താണോ ഇറങ്ങുന്നത്, ആ രാജ്യത്തിന്റെ എംബസിയിലാവണം ഷെൻഗൺ വിസയ്ക്ക് അപേക്ഷിക്കേണ്ടത്.
നോർവെയും ഐസ്‌ലാൻഡും യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ലെങ്കിലും ഷെൻഗൺ വിസ അനുവദിച്ചിട്ടുണ്ട്.
80യൂറോയാണ് (6821രൂപ) ഷെൻഗൺ വിസയ്ക്കുള്ള ഫീസ്.